കൊവിഡ് രോഗി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭം: പോരായ്മകൾ ചൂണ്ടി കാണിക്കുമ്പോൾ സി പി എമ്മിന് വിറളി പിടിക്കരുത് – യൂത്ത് ലീഗ്
തിരൂർ: വെട്ടം പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനനുസരിച്ച് ഉണ്ടായിട്ടില്ലെന്നും, ഒരു ഇടതു പക്ഷ പ്രവർത്തകൻ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യമെന്തെന്ന് ജനങ്ങളോട് തുറന്ന് പറയാൻ ഭരണ സമിതിയും, സി.പി.എമ്മും തയ്യാറാകണമെന്നും പഞ്ചായത്ത് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സി.പി.എം പ്രവർത്തകനായ അനിലിന് വീട്ടിൽ സൗകര്യമില്ലെന്ന കാര്യം അറിഞ്ഞിട്ടും ഡി.സി.സി യിലേക്ക് മാറ്റാതിരിക്കാനുള്ള കാരണമെന്തായിരുന്നു. തൻ്റെ പ്രയാസങ്ങൾ സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചതിന് ശേഷമാണ് കിണറ്റിൽ ചാടി മരിക്കുന്നത്.ഡി.സി.സി സെൻ്റർ തുറന്നിട്ടില്ലെന്ന് യൂത്ത് ലീഗ് പറഞ്ഞിട്ടില്ല. കോവിഡ് വ്യാപനത്തിനനുസരിച്ച പ്രതിരോധ പ്രവർത്തനങ്ങൾ ഭരണ സമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. യു.ഡി.എഫ് ഭരണസമിതിയാണ് പഞ്ചായത്തിൽ അധികാരത്തിലെങ്കിൽ ഇത്തരം മരണത്തെ സി.പി.എം ആഘോഷമാക്കി മാറ്റുന്നത് കാണാമായിരുന്നു. കോവിഡ് കാരണം പഞ്ചായത്തിൽ നിരവധി കുടുംബങ്ങളാണ് കടുത്ത പ്രയാസങ്ങളിൽ കഴിയുന്നത്.സി.പി.എം നേതൃത്വം പഞ്ചായത്ത് ഭരണസമിതിയെ പ്രവർത്തനസജ്ജമാക്കാതെ ഓരോ വാർഡ് മെമ്പർ മാരെയും കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാനുള്ള ശ്രമം വിലപോവില്ലെന്നും യൂത്ത് ലീഗ് പ്രസിഡൻ്റ് കുന്നത്ത് ഷഫീഖും, ജനറൽ സെക്രട്ടറി ഖമറു മാസ്റ്ററും പറഞ്ഞു.