സ്വർണ വില വർധിച്ചു.

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില വർധിച്ചു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ദിവസവം വില മാറാതെ നിന്ന ശേഷം സംസ്ഥാനത്ത് ഇന്നലെയും സ്വർണ വില വർധിച്ചിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കൂടിയത്. മെയ് മാസത്തിൽ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 35,040 രൂപയാണ്. മെയ് ഒന്നാം തീയതിയായിരുന്നു ഇത്.

 

ഈ മാസം ഇതുവരെ പവന് 880 രൂപയാണ് കൂടിയത്. ഏപ്രിൽ മാസത്തിൽ 1720 രൂപ പവന് വില വർധിച്ചിരുന്നു. എന്നാൽ, മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് വില കുറഞ്ഞിരുന്നു. ഏപ്രിലിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1).

 

 

ദേശീയതലത്തിലും സ്വർണ വിലയിൽ നേരിയ വർധനവുണ്ടായി. 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 47,677 രൂപയാണ് എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) വില കുറിച്ചത്. രാജ്യാന്തര വിപണിയിലും സ്വർണ വില ഉയരുകയാണ്. സ്വർണം ഔൺസിന് 1843.90 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ വീഴ്ച തുടരുകയാണെങ്കില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് വില 1860 മുതല്‍ 1900 വരെ ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എംസിഎക്‌സില്‍ 10 ഗ്രാമിന് 49,500 രൂപ മുതല്‍ 50,000 രൂപ വരെ സ്വര്‍ണം വില വർധിക്കാമെന്നും പ്രതീക്ഷിക്കപ്പെടുന്നു.