കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് ഉടൻ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് ഉടൻ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രിയുടെ നിർദേശം. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് വിലയിരുത്താൻ ചേർന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർദേശം മുന്നോട്ടുവെച്ചത്. ഗ്രാമീണ മേഖലയിൽ കോവിഡ് പരിശോധനയും ഓക്സിജൻ വിതരണവും കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ നിർദേശിച്ചു.
ചില സംസ്ഥാനങ്ങളിൽ വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകളെ പ്രധാനമന്ത്രി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നൽകിയ വെന്റിലേറ്ററുകൾ സ്ഥാപിച്ചത് സംബന്ധിച്ചും അവയുടെ പ്രവർത്തനം സംബന്ധിച്ചും കണക്കെടുപ്പ് നടത്താൻ പ്രധാനമന്ത്രി നിർദേശിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. വെന്റിലേറ്ററുകൾ ശരിയായി പ്രവർത്തിപ്പിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
പ്രാദേശികമായി കണ്ടെയ്ൻമെന്റ് സോണുകളാക്കുക എന്ന രീതിയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളിൽ പരിശോധന വർധിപ്പിക്കണം. ഗ്രാമപ്രദേശങ്ങളിൽ വീടുകളിലെത്തി പരിശോധന നടത്തുന്ന രീതി വ്യാപിപ്പിക്കണം. ഗ്രാമീണ മേഖലകളിൽ ഓക്സിജൻ വിതരണം ശരിയായി നടക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തണമെന്നും കോവിഡ് രോഗബാധയും മരണവും സംബന്ധിച്ച കണക്കുകൾ കൂടുതൽ സുതാര്യമാകണമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.
കാബിനറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തു. വ്യത്യസ്ത മന്ത്രാലയങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. രാജ്യത്ത് നിലവിൽ നടക്കുന്ന വാക്സിനേഷൻ സംബന്ധിച്ച കാര്യങ്ങൾ യോഗം വിലയിരുത്തി.