പരപ്പനങ്ങാടിയിലെ മത സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന കെ മഹ്‌മൂദ് നഹ നിര്യാതനായി.
പരപ്പനങ്ങാടിയിലെ മത സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന കെ മഹ്‌മൂദ് നഹ നിര്യാതനായി. പരപ്പനങ്ങാടിയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ എജ്യുക്കേഷണൽ കോംപ്ലക്സ് ആന്റ് ചരിറ്റി സെന്ററിന്റെയും അതിനു കീഴിലുള്ള ഇശാഅത്തുൽ ഇസ്‌ലാംഅറബിക് കോളേജ്, പരപ്പനങ്ങാടി ഇംഗ്ലീഷ് മീഡിയം സ്കൂൾ, പരപ്പനങ്ങാടി ഐ ടി ഐ, ഇസ്‌ലാഹിയ്യ മദ്രസ്, പരപ്പനങ്ങാടി അനാഥാലയം, മസ്ജിദ് അമീൻ മുഹമ്മദ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സ്ഥാപകനും ദീർഘ കാലത്തെ ജനറൽ സെക്രട്ടറിയും മാനേജറുമായിരുന്നു.
പരപ്പനങ്ങാടി ഇഷാഅത്തുൽ ഇസ്‌ലാം സംഘത്തിന്റെ മുൻ പ്രസിഡന്റും സംഘത്തിനു കീഴിലുള്ള സൂപ്പിക്കുട്ടി നഹാ മെമ്മോറിയൽ സ്കൂളിന്റെ ദീർഘ കാലത്തെ മാനേജറുമായിരുന്നു.
തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി അംഗമായിരുന്നു.
കേരള നദ്‌വത്തുൽ മുജാഹിദീന്റെ മുൻനിര നേതാക്കളിലൊരാളായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റും ട്രഷററുമൊക്കെയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002ലെ മുജാഹിദ് പിളർപ്പിൽ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിക്കൊപ്പം അനുരജ്ഞനത്തിന് വളരെയധികം പരിശ്രമിക്കുകയും അത് സാധ്യമാകാതെ വന്നപ്പോൾ ഇരുപക്ഷത്തും ചേരാതെ ദീർഘകാലം നിഷ്പക്ഷനായി തുടരുകയും ചെയ്തു. 2014ൽ കോട്ടക്കൽ നടന്ന മുജാഹിദ് സമ്മേളനത്തിൽ സോവനീർ പ്രകാശനം നിർവഹിച്ചത് മഹ്‌മൂദ് നഹയും ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുമായിരുന്നു. ആദർശ പ്രചരണ രംഗത്ത് സജീവപങ്കാളിത്തവും ജാഗ്രതയും പുലർത്തിയിരുന്ന മഹ്‌മൂദ് നഹ എല്ലാ വിഭാഗം ആളുകളോടും നല്ല ബന്ധം കാത്തു സൂക്ഷിച്ചു.
പരപ്പനങ്ങാടിയിലെ വ്യാപാര മേഖലയിലെ സജീവ സാന്നിധ്യം കൂടിയായിരുന്ന അദ്ദേഹം നാടിന്റെ വികസന കാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായിരുന്നു.
മുൻഉപമുഖ്യമന്ത്രിയായിരുന്ന കെ അവുക്കാദർ കുട്ടി നഹയുടെ ജേഷ്ഠൻ സൂപ്പിക്കുട്ടി നഹയുടെ മകനാണ് മഹ്‌മൂദ് നഹ. അവുക്കാദർ കുട്ടി നഹയുടെ മകൾ ആയിഷ ബീവിയാണ് ഭാര്യ. മക്കൾ: ഹമീദ് നഹ, മുനീർ നഹ, ഹസീന.