കോവിഡ്: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുമായി കോഡൂര്‍ പഞ്ചായത്ത്

കോഡൂര്‍ : കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ രോഗികളെ പെട്ടെന്ന് ആശുപത്രികളില്‍ എത്തിക്കുന്നതിനായി കോഡൂര്‍ പഞ്ചായത്ത് മൂന്ന് ആംബുലന്‍സ് ഏര്‍പ്പെടുത്തി. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ ഒരുക്കി കോഡൂര്‍ ഗ്രാമപഞ്ചായത്ത് മാതൃകയായി. അതിജീവനം തുടരുന്ന സാഹചര്യത്തില്‍ ജില്ലക്ക് അകത്തും പുറത്തുമുള്ള ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. നിലവില്‍ 680 രോഗികളാണ് പഞ്ചായത്തില്‍ കോവിഡ് രോഗികളായുള്ളത്. സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കാരുണ്യം ഗ്രൂപ്പ് വലിയാട്, കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവയാണ് ആംബുലന്‍സ് പഞ്ചായത്തിന് വിട്ടു നല്‍കിയത്.

രോഗികളുടെ പരിചരണത്തിനും പരിപാലനത്തിനും യുദ്ധകാലാടിസ്ഥാനത്തില്‍ കോഡൂര്‍ പഞ്ചായത്തില്‍ എല്ലാ നടപടികളും സ്വീകരിച്ചതായും തുടര്‍ന്നു ആവശ്യമായ സാഹചര്യം ഒരുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, സ്ഥിര സമിതി അധ്യക്ഷന്മാരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, ഗ്രാമപഞ്ചായത്ത് അംഗവും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ കെ എന്‍ ഷാനവാസ് , അജ്മല്‍ തറയില്‍, മുഹമ്മദലി മങ്കരത്തൊടി, പാന്തൊടി ഉസ്മാന്‍, സെക്രട്ടറി റോസി സി എന്നിവര്‍ അറിയിച്ചു.