നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ റേഷന്‍ കാര്‍ഡ് പിടിച്ചെടുക്കും
റേഷന്‍ വിതരണം കാര്‍ഡ് നമ്പര്‍ പ്രകാരം മാത്രം
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ നിര്‍ബന്ധമാക്കി. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അടിസ്ഥാനമാക്കിയുള്ള ദിവസങ്ങളില്‍ മാത്രമായിരിക്കും റേഷന്‍ വിതരണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. ഒറ്റ അക്കത്തില്‍ (ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്) കാര്‍ഡ് നമ്പര്‍ അവസാനിക്കുന്ന ഗുണഭോക്താക്കള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തിലും (രണ്ട്, നാല്, ആറ്, എട്ട്) പീജ്യത്തിലും കാര്‍ഡ് നമ്പര്‍ അവസാനിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ചൊവ്വ ,വ്യാഴം ,ശനി ദിവസങ്ങളിലുമാണ് അവസരം.
ഈ നിയന്ത്രണം ലോക്ക് ഡൗണ്‍ ആരംഭത്തില്‍തന്നെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കാര്‍ഡുടമകള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കോവിഡ് ജാഗ്രതാ ലംഘനത്തിനു കാരണമാകുകയാണ്. റേഷന്‍ കടകളില്‍ കൃത്യമായ സാമൂഹ്യ അകലം ഉറപ്പാക്കുന്നതിനും ഇതുമൂലം പ്രയാസമുണ്ടാകുന്നുണ്ട്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അനുവദിച്ച ദിവസങ്ങളില്‍ മാത്രമെ ഇനി റേഷന്‍ വിതരണം ഉണ്ടാകൂ. ഇത് ലംഘിക്കുന്നവരുടെ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയമനടപടികള്‍ക്കായി കാര്‍ഡുടമകളുടെ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വ്യക്തമാക്കി.