കേരളത്തിലേക്ക് എത്തിക്കുന്നത് ചരക്കു വണ്ടികളിൽ,വിതരണത്തിനും പൊലീസിനെ നിരീക്ഷിക്കാനും ഏജൻ്റുമാർ; വിൽപനയും പണവും ഓൺലൈനിലൂടെ; ‘എസ്’ കമ്പനിയെ ഒരു കോടിയുടെ മയക്കുമരുന്നുമായി പൊലീസ് പൊക്കിയതോടെ ചുരുളഴിഞ്ഞത് ജില്ലയിലെ ലോക്ഡൗൺ ലഹരി മാഫിയയുടെ പിന്നാമ്പുറം
താനൂർ: ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും മയക്കുമരുന്ന് വിതരണം തകൃതിയാക്കിയ എട്ടംഗസംഘം പൊലീസ് പിടിയിൽ. ലോക്ക് ഡൗണിനിടക്കും ജില്ലയിൽ വിദ്യാർത്ഥികൾക്കും മറ്റും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവ മയക്കുമരുന്ന് സംഘം പിടിയിലായത്.
കോഴിച്ചെന പരെടെത്ത് മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കൻകുഴി മുബാരിസ് (26 ),
വാളക്കുളം കോഴിക്കൽ റെമീസ് സുഹസാദ് (24 ), കോഴിച്ചെന വലിയപറമ്പിൽ മുഹമ്മദ് ഇസ്ഹാക് ( 25), കോഴിച്ചെന കൈതകാട്ടിൽഅഹമ്മദ് സാലിം ( 21 ), വാരണാക്കര കൂർമത്ത് സൈഫുദ്ധീൻ ( 25), തെക്കൻ കുറ്റൂർ മെപറമ്പത്ത് രഞ്ജിത്ത് (21 ) , അല്ലൂർ പുതുക്കുടി റിയാസ് (40 ) എന്നിവരടങ്ങുന്ന വൻ മയക്കുമരുന്ന് വിതരണ സംഘത്തെയാണ് പിടികൂടിയത്.
പ്രതികളിൽ നിന്നും ഒരു കോടിയോളം രൂപ വിലമതിക്കുന്ന സിന്തറ്റിക് ഡ്രഗ് (എം. ഡി. എം. എ,) ഹാഷിഷ് ഓയിൽ, കഞ്ചാവ് , തമിഴ്നാട് മദ്യം എന്നിവ പിടികൂടി.
ബാംഗ്ലൂരിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങളിലും മെഡിസിൻ കൊണ്ട് വരുന്ന വാഹനങ്ങളിലുമായാണ് പ്രതികൾ മയക്കുമരുന്ന് ജില്ലയിൽ എത്തിച്ചു ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത്. ഇങ്ങനെ എത്തുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകൾ ആക്കി 500 , 2500 ,4000 രൂപകളുടെ പാക്കറ്റുകളാക്കിയാണ് ആവശ്യക്കാർക്ക് വിതരണം. ‘S ‘ കമ്പനി എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പ് അറിയുന്ന ആളുകൾക്ക് മാത്രമെ കഞ്ചാവ് നൽകുകയുള്ളൂ. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വിതരണത്തിനും സപ്ലൈ ചെയ്യുന്ന സമയം പോലീസിനെ നിരീക്ഷിക്കുന്നതിനായും ഏജൻ്റുമാർ ഉണ്ട്.
ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് കൊണ്ടുവരുന്ന പാർട്ടി ആളൊഴിഞ്ഞ സ്ഥലത്തു സാധനം വെച്ചു അതിന്റെ ഫോട്ടോ, വീഡിയോ എന്നിവ ഏജന്റ് മാർക്ക് അയച്ചു കൊടുക്കുകയും ഏജന്റ് സാധനം കളക്റ്റ് ചെയ്തു കഴിഞ്ഞാൽ ഫോട്ടോ ഡിലീറ്റു ചെയ്യും. പണം ഇടപാട് ഓൺലൈൻ ആയി മാത്രമാണ്.ശേഷം ഏജന്റ് ചെറിയ ചെറിയ പാക്കറ്റുകളിൽ ആക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കും. ഇത്തരത്തിൽ എം ഡി എം എ ശേഖരിച്ച് വൈലത്തൂർ -കരിങ്കപ്പാറ റോഡിൽ ഇതിലെ പ്രധാന കണ്ണിയായ ഷബീബും കൂട്ടാളികളും ബ്ലാക്ക് നിസാൻ കാറിൽ വന്നു മറ്റൊരു ഏജന്റായ മുബാരിസിനു കൈമാറുന്ന സമയത്താണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.
ഇവരുടെ കയ്യിൽ നിന്നും കാറിൽ നിന്നുമായി കഞ്ചാവും എം ഡി എം എ യും പിടിച്ചെടുത്തു . പ്രതികൾ ഉപയോഗിച്ച കാറും ബുള്ളറ്റും പിടിച്ചെടുക്കുകയും ചെയ്തു . ഇവരിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവും തമിഴ്നാട് മദ്യവും വില്പന നടത്തുന്ന സംഘത്തിലെ ഒരാൾ പരപ്പനങ്ങാടി ഭാഗത്തു വിതരണം ചെയ്യാൻ പോയിട്ടുണ്ടെന്നു പോലീസ് മനസ്സിലാക്കുകയും പ്രതിയായ സൈഫുദ്ധീൻ എന്നയാളെ കഞ്ചാവ് വാങ്ങാനെന്ന വ്യാജേന വിളിച്ചു വരുത്തി അന്വേഷണസംഘം സാഹസികമായി പിന്തുടർന്ന ശേഷം പരപ്പനങ്ങാടി പായനിങ്ങൽ വെച്ച് പിടികൂടുകയായിരുന്നു . ഇയാളിൽ നിന്ന് 6കുപ്പി തമിഴ്നാട് മദ്യവും 175 ഗ്രാം കഞ്ചാവും 1 ബോട്ടിൽ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. കഞ്ചാവ് വിതരണം ചെയ്യാൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. ഇയാൾ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി 500 രൂപക്കു ദിവസേന 20പാക്കറ്റുകൾ വിൽക്കാറുണ്ടെന്നും തമിഴ്നാട് മദ്യം 500ml കുപ്പി 1200രൂപയ്ക്കാണ് വില്പന നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.
ശേഷം സൈഫുദ്ദീനിൽ നിന്നും പൊലീസിന് ലഭിച്ച വിവരപ്രകാരം മയക്കുമരുന്നും മദ്യവും സൈഫുദീനു എത്തിച്ചു നൽകുന്ന കഞ്ചാവ് റാക്കറ്റിലെ പ്രധാന കണ്ണികളായ ആളുകളെ മനസ്സിലാക്കുകയും അവരാണ് കൽപകഞ്ചേരി വൈരാങ്കോട് ഭാഗങ്ങളിൽ ഏജന്റ്മാർക്ക് വിതരണം ചെയുന്നതെന്നും മനസിലാക്കി.
അന്വേഷണ സംഘം പ്രതികളായ രഞ്ജിത്ത് , റിയാസ് എന്നിവരെ നമ്പർ ഇടാത്ത ബൈക്കിൽ കഞ്ചാവ് സഹിതം തന്ത്രപരമായാണ് പിടികൂടിയത്. ഇവരിൽ നിന്നും കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. സംഘത്തിലെ മുഴുവൻ പ്രതികളെയും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി എം ഐ ഷാജി അറിയിച്ചു.
താനൂർ ഡി വൈ എസ് പി. എം.ഐ ഷാജിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ സലേഷ്, ജിനേഷ്, വിനീഷ്, അഖിൽരാജ് എന്നിവരും പരപ്പനങ്ങാടി എസ്.എച്ച്.ഒ ഹണി കെ ദാസ് , കൽപകഞ്ചേരി എസ്.എച്ച്.ഒ റിയാസ് രാജ എന്നിവരടങ്ങുന്ന സംഘമാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്.