ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്നാവശ്യപ്പെട്ട് രാഷ്‌ട്രപതിക്കു ലീഗ് എം.പി മാരുടെ കത്ത്

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദ പട്ടേലിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നും അവിടെ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെയും കരി നിയമങ്ങൾ ഉപയോഗിച്ചു നടക്കുന്ന ജനവിരുദ്ധ നീക്കങ്ങളെയും നേരിട്ട് മനസ്സിലാക്കാനായി കേരളത്തിലെ പാർലിമെന്റ് അംഗങ്ങൾ ഉൾകൊള്ളുന്ന ഒരു സംഘത്തെ അയക്കണമെന്നും മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി മുഹമ്മദ്‌ ബഷീറിന്റെ നേതൃത്വത്തിൽ എം. പി മാരായ എം. പി. അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ് എന്നിവർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

ഈ കേന്ദ്ര ഭരണ പ്രദേശത്തിന്റെ താളം തെറ്റിക്കുന്ന വിധത്തിൽ സങ്കീർണവും നീചവുമായ സാഹചര്യങ്ങൾ ഉണ്ടാക്കുകയാണ് അഡിമിനിസ്ട്രേറ്റർ ചെയ്യുന്നത്. ശാന്തപ്രിയരും സമാധാന സ്നേഹികളുമായ ദ്വീപ് ജനതയെ പ്രകോപിതരാക്കുന്ന തെറ്റായ പ്രവർത്തനങ്ങളാണ് അഡ്മിനിസ്ട്രേറ്റർ ചെയ്തുകൊണ്ടിരിക്കുന്നത്. പൂർണമായും ഒരു ബി.ജെ.പിക്കാരനെപ്പോലെ പ്രവർത്തിക്കുകയാണ് അഡ്മിനിസ്ട്രേറ്റർ.

League MPs write letter to President seeking removal of Lakshadweep administrator

ഭരണഘടന വിരുദ്ധമായും ജനങ്ങളുടെ താല്പര്യത്തെ എതിർത്തും പുതിയ നിയമങ്ങൾ സൃഷ്ടിക്കുകയാണ് അദ്ദേഹം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള നിയമ നടപടികളിൽ അദ്ദേഹം ഭരണഘടന തത്വങ്ങൾ തന്നെ ലംഘിക്കുകയാണ്. പഞ്ചായത്ത് നിയമത്തിലെ ഭേദഗതിയിൽ രണ്ട് കുട്ടികൾക്ക് മുകളിലുള്ളവർ തിരഞ്ഞെടുപ്പിന് നിൽക്കാൻ പോലും പറ്റില്ലെന്ന് നിഷ്കർഷിക്കുന്നു. മൃഗ സംരക്ഷണ നിയമത്തിന്റെ പേരിൽ ബീഫ് നിരോധനം കൊണ്ടു വരുന്നു.

തന്റെ സൈന്ധാന്തിക ഇഷ്ടങ്ങൾ നടപ്പിലാക്കാൻ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്യുകയാണ്. എക്കാലത്തും ശാന്തിയും സമാധാനവും നിലനിൽക്കുന്ന കുറ്റകൃത്യങ്ങൾ തീരെ ഇല്ലാത്ത ദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കുകയാണ്. പ്രാദേശികമായി സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാർക്കും മത്സ്യതൊഴിലാളികൾക്കുമെതിരെ കള്ള കേസുകൾ എടുക്കുന്നു.

 


ഇന്ത്യയിൽ പലയിടത്തും കോവിഡ് രൂക്ഷമായപ്പോൾ തീരെ ബാധിക്കാതിരുന്ന സ്ഥലമാണ് ലക്ഷദ്വീപ്. എന്നാൽ പ്രഫുൽ പട്ടേൽ കോവിഡിന്റെ എല്ലാ നിയന്ത്രണങ്ങളും വ്യവസ്ഥകളും നിസ്സാരവൽക്കരിക്കുക വഴി കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുകയാണ് ചെയ്തത്. ഇന്ന് ദ്വീപ് സമൂഹത്തിലെ ഏഴു ശതമാനത്തോളം പേർ കോവിഡ് ബാധിതരായി മാറി. 24 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ടി. പി. ആർ 68 ശതമാനത്തിലേക്ക് ഉയർന്നു. കാര്യമായ ചികിത്സ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ദ്വീപിനെ അഡ്മിനിസ്ട്രേറ്ററുടെ പുതിയ നടപടികൾ രോഗാതുരമാക്കുകയാണ്. ലക്ഷദ്വീപിലെ ജനങ്ങൾ അധികവും മലയാളം സംസാരിക്കുന്നവരാണ്. അവരുടെ ബന്ധുക്കളും കൂടുതലും കേരളത്തിലാണ് ഉള്ളത്. അവർക്ക് ഏറ്റവും സൗകര്യമുള്ള തുറമുഖം ബേപ്പൂരാണ്. ഇത്‌ ഇപ്പോൾ കർണാടകയിലെ മംഗലൂരിലേക്ക് രാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം കണക്കിലെടുത്തു മാറ്റുന്ന പ്രവർത്തനത്തിലാണ് അഡ്മിനിസ്ട്രേറ്റർ. ഇതിന്റെയെല്ലാം പിന്നിൽ ആസൂത്രിത അജണ്ടകൾ ഉണ്ടെന്നെത് വ്യക്തമാണ്.
ലക്ഷദ്വീപിലെ ജനസംഖ്യാനുപാതം തകർക്കുക, അവിടെ ലഭ്യമായി കൊണ്ടിരിക്കുന്ന ആദിവാസി സംവരണം ഇല്ലാതാക്കുക, എന്നിവയും നടത്തിയെടുക്കാൻ ശ്രമങ്ങൾ തുടങ്ങി.

 


കേന്ദ്ര സർക്കാർ, ഉദ്യോഗസ്ഥ മേധാവിത്വത്തെ ദുരുപയോഗപ്പെടുത്തി ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കാൻ ശ്രമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഞങ്ങൾ പാർലിമെന്റിൽ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ വസ്തുതകളെല്ലാം കണക്കിലെടുത്തു അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിച്ചു ദ്വീപ് സമൂഹത്തെ രക്ഷിക്കാനുള്ള ബാധ്യത നിറവേറ്റണമെന്നു എം. പി മാർ രാഷ്ട്രപതിക്കു അയച്ച കത്തിൽ ആവശ്യപ്പെട്ടു.