സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: നിയമസഭ സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ എം.ബി രാജേഷിന് 96 വോട്ടും, യു.ഡി.എഫിൻെറ സ്പീക്കർ സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട രാജേഷിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിൻെറ ഉടമയാണ് എം.ബി. രാജേഷ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നിയമസഭ ചേർന്നയുടൻ തന്നെ സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വോട്ട് ചെയ്തത്.
തൃത്താലയിൽ നിന്നാണ് എം.ബി രാജേഷ് നിയമസഭയിലെത്തിയത്. ലോക്സഭയിൽ തുടർച്ചയായി രണ്ടു തവണ പാലക്കാടിനെ പ്രതിനിധീകരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡൻറുമാണ്.