കേന്ദ്രസർക്കാരിന്റെ നിർദ്ദേശം നടപ്പിലാക്കും ; നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്..
കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ തയാറാകുമെന്ന് ഫേസ്ബുക്ക്. മെയ് 26ന് ഇന്ത്യയിൽ പുതിയ ഐടി നിയമം നടപ്പാകാനിരിക്കെയാണ് ഫേസ്ബുക്കിന്റെ തീരുമാനം. എന്നാൽ ചില കാര്യങ്ങളിൽ സർക്കാരുമായി ആലോചിച്ച് കൂടുതൽ വ്യക്തത വരുത്താനുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമല്ല, ഒടിടികൾക്കും ഇത് ബാധകമാണ്.
ഫേസ്ബുക്ക് പ്രതിനിധിയുടെ പ്രതികരണത്തിൽ നിന്ന്..
കേന്ദ്ര സർക്കാറിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കി, ഐടി നിയമങ്ങൾ അടക്കം നടപ്പിലാക്കി മുന്നോട്ടുപോകാനാണ് നിലവിൽ തങ്ങൾ ആലോചിക്കുന്നത്. എന്നാൽ, ചില കാര്യങ്ങൾ സർക്കാരുമായി ചർച്ച ചെയ്യാനുണ്ട്. ഐടി നിയമങ്ങൾക്ക് വിധേയമായി തന്നെ പുതിയ ഓപ്പറേഷണൽ പ്രോസസുകൾ നടപ്പിലാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.
ജനങ്ങൾക്ക് സ്വതന്ത്രമായി എന്ത് അഭിപ്രായവും സുരക്ഷിതത്വത്തോട് കൂടി രേഖപ്പെടുത്താൻ കഴിയുന്ന ഒരിടമായി ഫേസ്ബുക്ക് തുടരുക തന്നെ ചെയ്യും.