ലക്ഷദ്വീപ് നിവാസികൾക്ക് പുറത്തൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗിന്റെ ഐക്യദാർഢ്യം 

പുറത്തൂർ :ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന സംഘ പരിവാർ നടപടികളെ ചോദ്യം ചെയ്‌തുകൊണ്ട് പുറത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിക്ക് കീഴിൽ വീടുകളിൽ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചു.

ദ്വീപിലെ ഭരണ ക്രമങ്ങളെ അട്ടിമറിച്ചുകൊണ്ട് ബിജെപി നേതാവ് പ്രഭുൽ പട്ടേലിനെ അഡ്മിനിസ്ട്രേഷൻ ചുമതല ഏൽപ്പിച്ചത് മുതൽ ഹിന്ദുത്വ ഭരണകൂടത്തിന്റെ പദ്ധതികളാണ് അവിടെ നടപ്പിലാക്കപ്പെടുന്നത്.

99% മുസ്ലിംകൾ അധിവസിക്കുന്ന ദ്വീപിൽ വിമതശബ്ദങ്ങളെ തടയാൻ ഗുണ്ടാ ആക്ട് പ്രയോഗിക്കല്‍, ബീഫ് നിരോധനം, ദ്വീപില്‍ ഇത്രകാലമില്ലാതിരുന്ന മദ്യം ലഭ്യമാക്കല്‍, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കുന്ന നിയമ നിര്‍മാണം, തുടങ്ങിയ നടപടികളിലൂടെ ദ്വീപിലെ മുസ്ലിംകളെ സംഘപരിവാർ വേട്ടയാടുകയാണ്. ഇതിനോടകം തന്നെ വ്യാപകമായ പ്രതിഷേധങ്ങൾ ദീപ് നിവാസികളിൽ നിന്ന് ഉണ്ടായിക്കഴിഞ്ഞു.ദ്വീപിനോട് ചേർന്ന് കിടക്കുന്ന കേരളത്തിന്‌ ഈ വിഷയത്തിൽ സവിശേഷമായ പിന്തുണ നൽകാൻ സാധിക്കണമെന്ന് യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഐ പി ജലീൽ, കെ വി റസാക്ക്, സി പി ഷാനിബ്, പി സാദിഖലി, വി കെ ഷബീബ്, പി പി ഖയ്യും, ഇസ്മായിൽ പുതുപ്പള്ളി എന്നിവർ പങ്കെടുത്തു….