ലക്ഷദ്വീപിൽ ഭരണപരിഷ്കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍
ലക്ഷദ്വീപിൽ ഭരണപരിഷ്കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.
പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നൽകിയ പ്രഫുല്‍ പട്ടേല്‍, ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്നും വിലയിരുത്തി. ഈ മാസം 30ന് ദ്വീപിലെത്തിയ ശേഷം രാഷ്ട്രീയ നേതാക്കളുമായടക്കം ചര്‍ച്ച ചെയ്യുമെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.
അതിനിടെ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ് ലക്ഷദ്വീപ് പൊലീസ്. കൂടുതൽ പ്രതിഷേധക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. കൽപേനി ദ്വീപ് നിവാസികളായ നാല് പേരുടെ ഫോണുകളാണ് പിടിച്ചെടുത്തത്. അഡ്മിനിസ്ട്രേറ്റർക്കെതിരെ പോസ്റ്റിട്ടതാണ് ഫോണുകൾ പിടിച്ചെടുക്കാൻ കാരണം.
അതേസമയം, ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നാണ് ലക്ഷ്ദ്വീപ് എംപി മുഹമ്മദ് ഫൈസർ പറഞ്ഞു. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് കാണിച്ച് ഭീമ ഹർജി നൽകാനാണ് നീക്കമെന്നും, ഇതിനായി ഒപ്പ് ശേഖരണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.