വീണ്ടും മോഷണ പരമ്പര: പിന്നില്‍ തദ്ദേശീയര്‍

തിരൂര്‍: രണ്ടു വര്‍ഷത്തിനു ശേഷം തിരൂരില്‍ നടക്കുന്ന മോഷണ പരമ്പരയ്ക്കു പിന്നില്‍ തദ്ദേശീയര്‍ തന്നെയെന്നു നിഗമനം. മുന്‍പ് മോഷ്ടാക്കള്‍ തിരുട്ടു ഗ്രാമക്കാരായിരുന്നെങ്കില്‍ പുതിയ മോഷണങ്ങള്‍ക്കു പിന്നില്‍ സ്വന്തം നാട്ടുകാരാണെന്ന വിവരം തിരൂര്‍ നിവാസികളെ ഞെട്ടിക്കുന്നതാണ്. തദ്ദേശിയരായുള്ളവരുടെ സഹായത്തോടെയാണ് മോഷണം നടക്കുന്നതെന്നാണ് പോലീസിനു ലഭിച്ച വിവരം. ഉടന്‍ തന്നെ മോഷ്ടാക്കള്‍ പോലീസിന്റെ വലിയില്‍ കുടുങ്ങിയേക്കും.
ലോക്ക് ഡൗണില്‍ വ്യാപകമായി തിരൂര്‍ മേഖലയിലേയ്ക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. പച്ചക്കറി-മത്സ്യവാഹനങ്ങളിലും മറ്റുമായിരുന്നു കഞ്ചാവ് തിരൂരിലേയ്ക്കും ജില്ലയുടെ മറ്റു ഭാഗങ്ങളിലേയ്ക്കുമെല്ലാം എത്തിയിരുന്നത്. അനിയന്ത്രിതമായ കഞ്ചാവിന്റെ ഒഴുക്ക് നിലവില്‍ നടന്ന മോഷണ പരമ്പരയ്ക്കു കാരണമായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
2018ലായിരുന്നു തിരൂരിലെ അസ്വസ്ഥമാക്കിയിരുന്ന മോഷണ പരമ്പര അരങ്ങേറിയത്. സ്ഥാപനങ്ങളിലും ബസുകളിലും വീടുകളിലും വരെ കയറി മോഷ്ടിക്കുന്ന സംഭവങ്ങളുണ്ടായിരുന്നു. ഒരു വിഭാഗം തമിഴ്‌സ്ത്രീകളും മോഷ്ടാക്കള്‍ക്കൊപ്പമുണ്ടായിരുന്നു. ഗള്‍ഫ് മാര്‍ക്കറ്റ് ഇവരുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളിലൊന്നായിരുന്നു. തിരുട്ട് ഗ്രാമത്തില്‍ നിന്നും സംഘങ്ങളായെത്തിയായിരുന്നു അന്ന് മോഷണം. എന്നാല്‍ പോലീസിന്റെ കൃത്യതയോടെയുള്ള ഇടപെടല്‍ മോഷ്ടാക്കള്‍ തിരൂരില്‍ നിന്നും തുരത്താന്‍ സാധിച്ചു. തുടര്‍ന്ന് രണ്ടു വര്‍ഷമായി കാര്യമായ മോഷണ ഭീതിയില്ലാത്ത മേഖല തന്നെയായിരുന്നു തിരൂര്‍. കോവിഡ് രോഗബാധയും ലോക്ക് ഡൗണും കഴിഞ്ഞതോടെയാണ് മോഷ്ടാക്കള്‍ വീണ്ടും തലപൊക്കിയത്. ലോക്ക് ഡൗണ്‍ മൂലം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിട്ടുള്ളത്. പലരും മറ്റു ചില മാര്‍ഗങ്ങള്‍ തേടിയെങ്കിലും ഒരു വലിയ വിഭാഗം പേരും തൊഴില്‍ നഷ്ടപ്പെട്ടവരാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ കഞ്ചാവ് വില്‍പ്പനയിലേയ്ക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം. ഇത്തരക്കാരെ ഉപയോഗപ്പെടുത്താന്‍ ചില മോഷണ സംഘങ്ങള്‍ രംഗത്തെത്തിയതോടെയാണ് വ്യാപക മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മാധ്യമ പ്രവര്‍ത്തകന്റേതുള്‍പ്പടെ രണ്ടു ബൈക്കുകള്‍ മോഷണം പോയിരുന്നെങ്കിലും ഒന്ന് പോലീസ് കണ്ടെടുത്തു. ഇതിലെ പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നാണ് സൂചന. തീരദേശത്ത് വീടുകള്‍ കേന്ദ്രീകരിച്ചും മോഷണം നടന്നിട്ടുണ്ട്. താനൂരില്‍ മോഷണം നടത്തിയ സംഘവും ജില്ലയ്ക്കത്തുള്ളവര്‍ തന്നെയാണ്. ഇവര്‍ വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടത്തിയത്. തിരൂര്‍ മേഖലയില്‍ മോഷണം നടത്തുന്ന സംഘങ്ങളെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചുണ്ടത്രെ. ഇവരെ ഉടന്‍ പിടികൂടുമെന്ന് തിരൂര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്ത് പറഞ്ഞു.