ന്യൂനപക്ഷ മെറിറ്റ് സ്കോളർഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകണം -ഫെഡറേഷൻ ഓഫ് മുസ്ലിം കോളെജസ്
മലപ്പുറം: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന മെറിറ്റ് സ്കോളർഷിപ്പിന്റെ നിലവിലുള്ള അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണമെന്ന് ഫെഡറേഷൻ ഓഫ് മുസ് ലിം കോളെജസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം. മുഹമ്മദ് ,ജനറൽ സെക്രട്ടറി ഡോ.എം.ഉസ്മാൻ, ട്രഷറർ കെ.വി.കുഞ്ഞഹമ്മദ് കോയ എന്നിവർ നിവേദനത്തിൽ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ അംഗീകരിച്ച സച്ചാർ കമ്മിറ്റിയുടെ ശുപാർശകൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി എൽ.ഡി.എഫ് സർക്കാർ നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശുപാർശകളുടെയടി സ്ഥാനത്തിലാണ് മുസ്ലിം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയത്. എന്നാൽ ഇതര ന്യൂനപക്ഷങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് സമാനമായ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തുന്നതിന് പകരം 2011 ഫെബ്രുവരിയിൽ മുസ്ലിം ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടി നീക്കിവെക്കാൻ സർക്കാർ ഉത്തരവിറക്കുകയായിരുന്നു. സച്ചാർ / പാലോളി കമ്മിറ്റികളുടെ ശുപാർശകളുടെ അന്ത:സത്തക്ക് നിരക്കാത്ത നടപടിയായിരുന്നു ഇത്. ഈ പശ്ചാത്തലം മറച്ചു വെച്ചു കൊണ്ട് ഒരു വിഭാഗം നടത്തിവന്ന പ്രചരണങ്ങളെ പ്രതിരോധിക്കുന്നതിലുണ്ടായ ജാഗ്രതക്കുറവിന്റെ പരിണിത ഫലമാണ് ഇപ്പോഴത്തെ കോടതി വിധി. പാലോളി കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കുന്നതിനുള്ള ധാർമ്മിക ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സമത്വം കൊണ്ടുവരുന്നതിനും പിന്നോക്കം നിൽക്കുന്ന മുസ്ലിം പെൺകുട്ടികളുടെ എൻറോൾമെൻറ് റേഷ്യോ വർദ്ധിപ്പിക്കുന്നതിനും ഈ സ്കോളർഷിപ്പുകൾ ഏറെ സഹായകരമായിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെറിറ്റ് സീറ്റുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് കൂടി നിലവിൽ ഈ
സ്കോളർഷിപ്പുകൾ ലഭിക്കുന്നത് ഈ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് ഒരു വിഭാഗം നടത്തി വരുന്ന ദുഷ്ടലാക്കോടെയുള്ള കുപ്രചരണങ്ങളിൽ ഫെഡറേഷൻ ഭാരവാഹികൾ ആശങ്ക രേഖപ്പെടുത്തി. സാമുദായിക ചേരിതിരിവ് സൃഷ്ടിക്കാനിടയാക്കാവുന്ന തരത്തിലുള്ള ഇത്തരം കുപ്രചരണങ്ങളെ വസ്തുകളുടെയടിസ്ഥാനത്തിൽ പ്രതിരോധിക്കാൻ പൊതുസമൂഹം തയ്യാറാകണമെന്നും ഭാവി പരിപാടികൾ സമാന സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ഫെഡറേഷൻ ഓഫ് മുസ്ലിം കോളെജസ് ഭാരവാഹികൾ അറിയിച്ചു.