കോവിഡിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ വിവരങ്ങൾ നൽകണം; നിർദേശം നൽകി ബാലാവകാശ കമ്മീഷൻ

കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരങ്ങൾ പോർട്ടലിലെ 'കോവിഡ് കെയർ' എന്ന ലിങ്കിലൂടെ നല്‍കാം

ന്യൂഡല്‍ഹി: കോവിഡിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ വിവരങ്ങൾ നൽകാൻ നിർദേശം. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനാണ് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് മൂലം മാതാപിതാക്കളെയോ അല്ലെങ്കിൽ അവരില്‍ ഒരാളെയോ നഷ്ടപ്പെട്ട കുട്ടികളുടെ വിവരം ബാലസ്വരാജ് പോർട്ടലിൽ അപ്ലോഡ് ചെയ്യാനാണ് നിര്‍ദേശം.

ഏപ്രിൽ ഒന്നു മുതൽ മെയ് 25 വരെയുള്ള കാലയളവില്‍ രാജ്യത്ത് 577 കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടമായതായി കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഇത്തരം കുട്ടികളുടെ വിവരങ്ങൾ നല്‍കണമെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ ഇടപെടൽ.

സംരക്ഷണവും കരുതലും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായാണ് ബാലസ്വരാജ് പോർട്ടല്‍ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഇതിന്‍റെ ഉപയോഗം വിപുലീകരിച്ചതായി കമ്മീഷൻ അറിയിച്ചിട്ടുണ്ട്.കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരങ്ങൾ പോർട്ടലിലെ ‘കോവിഡ് കെയർ’ എന്ന ലിങ്കിലൂടെ നല്‍കാനാവും. ജില്ലാ ബാലാവകാശ കമ്മിഷൻ അധികൃതര്‍ക്കും സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറിമാർക്കുമാണ് ഇതിനുള്ള ചുമതല. ഇതിനായി ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥർക്ക് ലോഗിൻ ഐ.ഡി.യും നൽകിയിട്ടുണ്ട്.

കോവിഡ് ബാധിച്ചു മരിച്ചവരുടെ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു . കോവിഡ് 19 മൂലം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികൾക്ക് പി. എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം പ്രായപൂര്‍ത്തി ആകുമ്പോൾ പ്രതിമാസ സ്റ്റൈപന്‍ഡ് നല്‍കും. അഞ്ചു വർഷത്തേക്കാണ് പ്രതിമാസ സ്റ്റൈപൻഡ്. ഇവര്‍ക്ക് 23 വയസാകുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഈ തുക നൽകുക. കൂടാതെ കേന്ദ്ര സർക്കാരിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും.

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് കേരള സർക്കാരും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. 18 വയസ് വരെ പ്രതിമാസം 2000 രൂപ നല്‍കുമെന്നും കുട്ടികളുടെ ബിരുദതലം വരെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.