കടകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെ നടപടിയെടുക്കും; ഡി.ജി.പി

നാല്പതു വയസ്സിന് മുകളിലുള്ളവർക്ക് എസ്.എം. എസ് അയക്കുന്ന മുറയ്ക്ക് വാക്‌സിൻ നൽകും.

തിരുവനന്തപുരം: തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണം. മറ്റുള്ളവര്‍ സത്യവാങ്മൂലം കരുതണം. പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. ഇതിന് സത്യവാങ്മൂലം നിര്‍ബന്ധമാണ്. ജില്ല വിട്ടുള്ള യാത്ര പരമാവധി ഒഴിവാക്കണം.

പ്രാദേശികതലത്തിലെ ആവശ്യങ്ങള്‍ പരിഗണിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ ആവശ്യമായ നിയന്ത്രണങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണ്.

പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല. തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികൾക്കും ഉൽ‌പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.

ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു.

ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകേണ്ടതാണ്. 2021 ജൂൺ 7 മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ ഉൾപ്പെടെ എല്ലാ കേന്ദ്ര, സംസ്‌ഥാന സർക്കാർ ഓഫീസുകളും 50% ജീവനക്കാരെ ഉൾപ്പെടുത്തി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാവുന്നതാണ്.

വ്യാവസായിക സ്ഥാപനങ്ങൾക്കും ഉൽ‌പാദന കേന്ദ്രങ്ങൾക്കും മാത്രമാണ് ഇപ്പോൾ പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഇത് സേവന മേഖലയ്ക്ക് ബാധകമല്ല.

 

പരിശീലനത്തിൽ പങ്കെടുക്കുന്ന പോലീസ് ട്രെയിനികൾ, സാമൂഹ്യസന്നദ്ധ സേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഫീൽഡിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, ഐ‌എം‌ഡിയുടെ ഫീൽഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീൽഡ് സ്റ്റാഫ്, കൊച്ചി വാട്ടർ മെട്രോ ഫീൽഡ് സ്റ്റാഫ് എന്നിവരെ വാക്‌സിനേഷൻ ഫ്രണ്ട് ലൈൻ തൊഴിലാളികളായി പരിഗണിക്കും.

പഠനാവശ്യങ്ങൾക്കും, തൊഴിലിനുമായി വിദേശത്തു പോകുന്നവർക്ക് നൽകിയ വാക്‌സിനേഷൻ ഇളവുകൾ ഹജ്ജ് തീർഥാടകർക്കും നൽകും.

 

ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ആശ്വാസം പകര്‍ന്ന് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 153,485 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 48 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,80,47,534 ആയി. ഇതിൽ 2,56,92,342 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 20,26,092 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.

രോഗികളുടെ എണ്ണത്തിൽ ഏപ്രിൽ 13 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് രേഖപ്പെടുത്തിയതെങ്കിലും മരണനിരക്ക് ഉയർന്ന് നില്‍ക്കുന്നത് ആശങ്ക തന്നെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂവായിരത്തോളം കോവിഡ് മരണങ്ങളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 3,128 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,29,100 ആയി ഉയർന്നു.

കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. മെയ് 30 വരെ രാജ്യത്ത് 34,48,66,883 കോവിഡ് പരിശോധനകളാണ് നടന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം മാത്രം 16,83,135 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.