ചാരുപടിക്കിടയിൽ കാൽ കുടുങ്ങിയ കുട്ടിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

നിലമ്പൂർ : ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്ന് കളിക്കുന്നതിനിടയിൽ വരാന്തയിലെ കോൺക്രീറ്റ് ചാരുപടിക്കിടയിൽ കാൽ കുടുങ്ങിയ മൂന്നു വയസ്സുകാരിയെ നിലമ്പൂർ ഫയർ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി.

ചാലിയാർ പഞ്ചായത്തിലെ മൈലാടി പൊട്ടിയിലെ വാളൊരങ്ങൽ മുഹമ്മദിന്റെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കരുളായി മൈലമ്പാറ സ്വദേശി കറുപ്പൻ വീട്ടിൽ ഫാരിസ് – നാഷിദ ദമ്പതികളുടെ മകൾ കെൻസ ഫാത്തിമ (3വയസ്സ് )എന്ന കുട്ടിയെ ആണ് നിലമ്പൂർ ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തിയത്.

വീട്ടിലെ വരാന്തയിൽ കളിക്കുന്നതിനിടെ ചാരുപടിയുടെ ആങ്കിളുകൾക്കിടയിൽ കാൽ മടങ്ങിയ നിലയിൽ കാൽമുട്ട് കുടുങ്ങിപ്പോകുകയായിരുന്നു. വീട്ടുകാരും ഓടിക്കൂടിയ അയൽവാസികളും ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഉടൻ നിലമ്പൂർ ഫയർസ്റ്റേഷനിലേക്ക് വിവരമറിയിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് കോൺക്രീറ്റ് ആംഗിൾ പൊട്ടിച്ചാണ് കുട്ടിയെ പരിക്കുകളൊന്നുമില്ലാതെ രക്ഷപെടുത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇൻ ചാർജ് ഇ. എം. ഷിൻറു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ

എൽ. ഗോപാലകൃഷ്ണൻ, എ. എസ്. പ്രദീപ്‌, കെ. രമേഷ്, വി. സിസിൽദാസ്, വി. യു. റുമേഷ്, കെ. മനേഷ്, സി. വിനോദ്, ആർ. സുമീർകുമാർ, സി. ആർ. രാജേഷ്, ഹോംഗാർഡ് ജിമ്മി മൈക്കൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.