പ്രവാസി പുനരധിവാസത്തിന് കേരള ബജറ്റിൽ നൽകിയ പരിഗണന അഭിനന്ദനാർഹം: നവയുഗം

പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ബജറ്റിൽ ഉയര്‍ത്തിയിട്ടുണ്ട്.

ദമ്മാം: പ്രവാസിക്ഷേമത്തിനും പ്രവാസി പുനഃരധിവാസത്തിനും കൂടുതൽ തുക മാറ്റി വെച്ച കേരള ബജറ്റിനെ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി സ്വാഗതം ചെയ്തു. കോവിഡ് കാലത്തെ പ്രതിസന്ധിയിൽ ജനങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടിനെ മനസ്സിലാക്കി പുതിയ നികുതികൾ ഒന്നും അടിച്ചേൽപ്പിയ്ക്കാതെയും, കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്ക് 20,000 കോടി രൂപയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ചും, കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നല്കിയുമുള്ള ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ ഇന്ന് അവതരിപ്പിച്ചത്. ഇത്തരം ഒരു ബജറ്റ് അവതരിപ്പിച്ചതിൽ അദ്ദേഹത്തെ നവയുഗം അഭിനന്ദിയ്ക്കുന്നു.

പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ബജറ്റിൽ ഉയര്‍ത്തിയിട്ടുണ്ട്. കോവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികള്‍ തിരികെയെത്തുകയും ഏറെ പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും, സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള പുനരധിവാസ പദ്ധതിയായ നോര്‍ക്ക സെല്‍ഫ് എംപ്ലോയെന്റ് സ്‌കീം പ്രകാരം, വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചു കുറഞ്ഞ പലിശക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുമുണ്ട്.

മൈക്രോ, സ്മാൾ, മീഡിയം സ്ഥാപനങ്ങൾ തുടങ്ങി സ്വയം തൊഴിൽ കണ്ടെത്താനുള്ള പ്രവാസികളുടെ ശ്രമങ്ങൾക്ക് ഈ ബജറ്റിൽ ശക്തമായ പിന്തുണയാണ് നൽകുന്നത്. എം.എസ്.എം.ഇ. കള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നും, നിലവിലുള്ള എം.എസ്.എം.ഇ. കള്‍ക്ക് കുറഞ്ഞ നിരക്കില്‍ അധിക പ്രവര്‍ത്തന മൂലധന വായ്പയും ടേം ലോണും ലഭ്യമാക്കുമെന്നും ഉറപ്പ് നൽകുന്ന ബജറ്റിൽ ഇത്തരത്തിൽ പലിശ ഇളവ് നല്‍കുന്നതിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വ്യവസായ വകുപ്പ് നിലവില്‍ നടപ്പിലാക്കിവരുന്ന സംരംഭകത്വ സഹായ പദ്ധതിക്ക് (ഇഎസ്എസ്) 25 കോടി രൂപയും, നാനോ വ്യവസായ ഭവന യൂണിറ്റുകള്‍ക്ക് മാര്‍ജിന്‍ മണിയും പലിശ സഹായവും നല്‍കുന്നതിനുള്ള പദ്ധതിക്ക് 15 കോടി രൂപയും അധികം വകയിരുത്തിയിട്ടുണ്ട്.

തീരദേശം, കൃഷി, തോട്ടം, പരിസ്ഥിതി, മത്സ്യബന്ധനം, ഭക്ഷ്യപൊതുവിതരണമേഖല, കുടുംബശ്രീ, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകൾക്കും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ള ഈ കേരള ബജറ്റ്, ഇടതുപക്ഷ സർക്കാർ ഇന്നുവരെ നടപ്പിയിട്ടുള്ള വികസന, സാമൂഹ്യക്ഷേമ നയങ്ങൾക്ക് ഊർജ്ജം പകരും.

ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ജനങ്ങളോടും, പ്രവാസികളോടുമുള്ള പ്രതിബന്ധത വെളിവാക്കുന്ന ഇത്തരം ഒരു ബജറ്റ് അവതരിപ്പിച്ചതിൽ കേരളസർക്കാരിനെ നവയുഗം കേന്ദ്രകമ്മിറ്റി അഭിവാദ്യം ചെയ്തു..