പ്ലാവ് ചാലഞ്ച് ഉദ്ഘാടനം ഏറ്റെടുത്ത് കര്‍ഷകന്‍

മലപ്പുറം : കേരള മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് എഞ്ചിനീയറിംഗ് ജീവനക്കാര്‍ ആഹ്വാനം ചെയ്ത ജാക്ക് ഫ്രൂട്ട് ട്രീ ചാലഞ്ച്, കര്‍ഷകരും ജനപ്രതിനിധികളും നീര്‍ത്തട കമ്മറ്റികളും ഏറ്റെടുത്ത് ആഘോഷമാക്കി മാറ്റി.

ലോക്ക് ഡൗണ്‍ പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നും പരിസ്ഥിതി ദിനത്തില്‍ പ്രകൃതിയെ മറക്കാതിരിക്കാനും ,കേരളത്തിന്റെ തനത് ഫലവൃക്ഷമായ പ്ലാവ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കാനും ഉദ്യോഗസ്ഥരും ജനങ്ങളും ഒന്നായി ചേര്‍ന്നുള്ള പരിസ്ഥിതി സംരക്ഷണമാതൃകകള്‍ നടപ്പിലാക്കാനും ആണ് സംഘടന ലക്ഷ്യമിട്ടിരുന്നത്. ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടിയുടെ ഭാഗമായി, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മണ്ണ് സംരക്ഷണ വകുപ്പിലെ എഞ്ചിനീയറിംഗ് ജീവനക്കാര്‍ വ്യത്യസ്തവും ജനകീയമായ ഒരു പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ നല്ലൂര്‍ നീര്‍ത്തട പദ്ധതി പ്രദേശത്ത് സംഘടനാ ജനറല്‍ സെക്രട്ടറി പി.ജയരാജന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. പ്ലാവ് നട്ട ശേഷം വാട്‌സാപ്പ് ഗ്രൂപ്പില്‍ പരസ്പരം പ്രചരിപ്പിക്കാനും ആണ് ആഹ്വാനം ചെയ്തിരുന്നത്.

എന്നാല്‍ അതിരാവിലെ 7 മണിക്ക് തന്നെ മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്ത് കാഞ്ഞമണ്ണ നീര്‍ത്തട പദ്ധതിയിലെ കര്‍ഷകനായ ശ്രീ.ടി.ശശികുമാര്‍ തന്റെ കൃഷിയിടത്തില്‍ കരുത്തുള്ള ഒരു നാടന്‍ പ്ലാവ് നട്ട്, കാഞ്ഞമണ്ണ നീര്‍ത്തട പദ്ധതി ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത്, ചാലഞ്ചില്‍ പങ്കെടുക്കുന്നതായി അറിയിച്ചു.

ജാക്ക് ഫ്രൂട്ട് ട്രീ ചാലഞ്ച് ആഹ്വാനം ചെയ്ത കേരള സോയില്‍ & വാട്ടര്‍ കണ്‍സര്‍വേഷന്‍ എഞ്ചിനീയറിംഗ് സ്റ്റാഫ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഈ കര്‍ഷകന്റെ പ്രവൃത്തിയെ ഗ്രൂപ്പില്‍ ആദരിച്ച് നന്ദി പറഞ്ഞു. കര്‍ഷകനെ നേരിട്ട് വിളിച്ച് നന്ദിയും അഭിനന്ദവും അറിയിച്ചു. മാത്രമല്ല കൃഷി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ മണ്ണിലിറങ്ങുന്ന പുലര്‍കാല സമയത്താണ് നടത്തേണ്ടതെന്ന മഹത്തായ സന്ദേശമാണ് ഇദ്ദേഹം സമൂഹത്തിന് നല്‍കിയതെന്ന് നന്ദിയോടെ തിരിച്ചറിയുന്നതായും അറിയിച്ചു.

പി. ജയരാജനും കുടുംബവും വൃക്ഷത്തൈ നടുന്നു

 

എന്നിരുന്നാലും മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ സംഘടനാ ജനറല്‍ സെക്രട്ടറി പി ജയരാജന്‍ , കുടുംബവുമൊത്ത് ഒരു നാടന്‍ പ്ലാവ് തന്റെ കൃഷിയിടത്തില്‍ നട്ട് ജാക്ക് ഫ്രൂട്ട് ട്രീ ചാലഞ്ചില്‍ പങ്കെടുത്തു. തുടര്‍ന്ന് 14 ജില്ലകളിലേയും ജില്ലാ സെക്രട്ടറിമാര്‍ തൈ നട്ടു.

വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാര്‍, നിലവിലെ ജീവനക്കാര്‍ , നീര്‍ത്തട പദ്ധതി കണ്‍വീനര്‍മാര്‍ , കര്‍ഷകര്‍ , ജനപ്രതിനിധികള്‍ , വിദ്യാര്‍ത്ഥികള്‍, സംഘടനാ നേതാക്കള്‍ എന്നിങ്ങനെ വിവിധ തട്ടുകളിലെ ആള്‍ക്കാര്‍ കൂടി പങ്കെടുത്തതോടെ ജാക്ക് ഫ്രൂട്ട് ട്രീ ചാലഞ്ച് പ്രതീക്ഷകള്‍ക്കുമപ്പുറം വന്‍ വിജയമായി. പലരുടെയും ഫോണുകള്‍ തുറക്കാന്‍ കഴിയാത്ത വിധം പ്ലാവ് നടുന്ന ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു.

കര്‍ഷകര്‍ കേരളത്തിന്റെ തനിമ നിലനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും നല്‍കുമെന്നും, ഉദ്യോഗസ്ഥര്‍ക്കും കര്‍ഷകര്‍ക്കും ഒന്നായി പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയുമെന്നും ജാക്ക് ഫ്രൂട്ട് ട്രീ ചാലഞ്ച് തെളിയിച്ച് കഴിഞ്ഞതിനാല്‍, ഭാവിയില്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഈ മഹത്തായ സന്ദേശം മനസ്സില്‍ ഉണ്ടാകണമെന്ന് സംഘടന ആഹ്വാനം ചെയ്തു.

മണ്ണൊലിപ്പ് തടയാന്‍ നാടന്‍ ഫല വ്യക്ഷങ്ങള്‍ക്ക് കൂടുതല്‍ കരുത്തുള്ളതിനാലും, കേരളത്തിന്റെ തനത് ഫലക്ഷം എന്ന നിലക്കുമാണ് പ്ലാവ് മരം,ചാലഞ്ചിന് സംഘടനാ നേതൃത്വം തിരഞ്ഞെടുത്തതെന്നും അറിയിച്ചു.ഈ ചാലഞ്ച് വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും പത്രക്കുറിപ്പില്‍ അറിയിച്ചു.

 

പടം….പി. ജയരാജനും കുടുംബവും വൃക്ഷത്തൈ നടുന്നു