വാക്‌സിന്‍ എടുത്തവര്‍ക്ക് തീവണ്ടിയാത്രയ്ക്കും ആര്‍ടിപിസിആര്‍ പരിശോധന വേണ്ടിവരില്ല; തീരുമാനം ഉടന്‍

ആരോഗ്യ സേതു ആപ്പിലൂടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് റെയില്‍വെ അധികൃതരെ കാണിച്ചാല്‍ മതിയാകും. കോവിഡ് വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് റെയില്‍വെ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളിലേക്ക് തീവണ്ടിയാത്ര നടത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം കയ്യില്‍ കരുതണമെന്ന വ്യവസ്ഥയില്‍നിന്ന് കോവിഡ് വാക്‌സിന്‍ എടുത്തവരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ യാത്രചെയ്യാന്‍ അനുവദിക്കുന്ന കാര്യം റെയില്‍വെയുടെ സജീവ പരിഗണനയിലാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സീന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

ആരോഗ്യ സേതു ആപ്പിലൂടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് റെയില്‍വെ അധികൃതരെ കാണിച്ചാല്‍ മതിയാകും. കോവിഡ് വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് റെയില്‍വെ ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശം റെയില്‍വെക്ക് മുന്നില്‍ വച്ചുവെന്നാണ് ലഭ്യമായ വിവരം. ജൂണ്‍ 15 ഓടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില സംസ്ഥാനങ്ങളിലേക്കുള്ള ആഭ്യന്തര വിമാന യാത്രയ്ക്ക് ആര്‍ടിപിസിആര്‍ പരിശോധനാഫലം വേണമെന്ന വ്യവസ്ഥയില്‍നിന്ന് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരെ ഒഴിവാക്കുന്നകാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയം അടക്കമുള്ളവയുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

നിലവില്‍ കോവിഡ് വ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് മറ്റുചില സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്നവരോടാണ് ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം ആവശ്യപ്പെടുന്നത്. ആരോഗ്യം സംസ്ഥാന വിഷയം ആയതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനാഫലം ആവശ്യപ്പെടാനുള്ള അധികാരമുണ്ടെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.