‘മന്ത്രി മരിക്കും, സി പി എം പിളരും.. ആദ്യ വർഷം പിന്നിട്ടാൽ ശക്തമായ പ്രകൃതിക്ഷോഭം, മന്ത്രിസഭാ പുന:സംഘടന’ ; അഞ്ചു വർഷത്തെ ഭരണത്തെ കുറിച്ച് ഞെട്ടിക്കുന്ന ജ്യോതിഷ പ്രവചനം

പ്രകൃതിയുടെയും ആകാശഗോളങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കാൻ കഴിയുമെന്ന വിശ്വാസമാണ് ജ്യോതിഷം. ജ്യോതിഷ പ്രകാരം പ്രവചിക്കുന്ന പല കാര്യങ്ങളും പുലരുകയും പുലരാതിരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ജ്യോതിഷത്തെ വിശ്വസിക്കുന്നവർ ഇന്നും ധാരാളമാണ്. അതേ സമയം ജ്യോതിഷമെന്ന പേരിൽ കള്ള പ്രവചനങ്ങളും വ്യാപകമാണ്. രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിലെ പ്രവചനങ്ങളും നടത്തുന്ന ജ്യോതിഷിമാരും പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. പാർട്ടി വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാരും ജ്യോതിഷ പ്രവചനങ്ങളെയും കണക്കുകളെയും ഒളിഞ്ഞും തെളിഞ്ഞും ആശ്രയിക്കുന്നവരാണ്.

സുന്ദർ ബാലകൃഷ്ണൻ
  • ഏറ്റവും ഒടുവിൽ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റുന്ന ജ്യോതിഷ പ്രവചനമാണ് പ്രമുഖ ജ്യോതിഷി സുന്ദർ ബാലകൃഷ്ണൻ നടത്തിയിരിക്കുന്നത്. ജൂൺ 13ന് ഞായറാഴ്ച പ്രസിദ്ധീകരിച്ച ഇംഗീഷ് ദിനപത്രമായ ന്യു ഇന്ത്യൻ എക്സ്പ്രസിലാണ് കേരള സർക്കാറിനെയും സിപിഎമ്മിനെയും പരാമർശിക്കുന്ന സുന്ദർബാലകൃഷ്ണൻ്റെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജുപീറ്റർ ആസ്ട്രോളജി എന്ന ജോതിഷി ഗവേഷണ സ്ഥാപനം നടത്തി വരുന്നുണ്ട് സുന്ദർബാലകൃഷ്ണൻ. ഇടക്കിടെ ഇന്ത്യൻ എക്സ്പ്രസിൽ എഴുതാറുള്ള വ്യക്തി കൂടിയാണ് സുന്ദർബാലകൃഷ്ണൻ.


കേരള സർക്കാറിൻ്റെ അഞ്ചു വർഷത്തെ ഭരണത്തെ കുറിച്ച് ഞെട്ടിക്കുന്നതും കൗതുക്കപ്പെടുത്തുന്നതുമായ പ്രവചനമാണ് സുന്ദർബാലകൃഷ്ണൻ ഇന്ന് നടത്തിയിരിക്കുന്നത്. പ്രവചനം ശരിയോ തെറ്റോ എന്നത് സംബന്ധിച്ച് ശാസ്ത്രീയമായി തന്നെ തെളിയിക്കേണ്ടതാണ്. എന്നാൽ കേരള രാഷ്ട്രീയത്തെ കുറിച്ച് ഒരു ജ്യോതിഷി മാരും പ്രവചിക്കാത്ത കാര്യമാണ് സുന്ദർബാലകൃഷ്ണൻ പ്രവചിച്ചിരിക്കുന്നത്.

പ്രവചനത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയാണ്: ‘2022 ജനുവരി വരെ കേരള സർക്കാരിൻ്റെ ഭരണം നല്ലതായിരിക്കും. 2022 ഒക്ടോബർ മുതൽ 2023 ജൂലൈ വരെയുള്ള കാലയളവിൽ വലിയൊരു പ്രളയമോ പ്രകൃതിദുരന്തമോ ഉണ്ടാകും. 2023 മാർച്ച് മുതൽ 2023 ജൂൺ വരെയുള്ള കാലയളവിൽ മന്ത്രിസഭയിൽ മാറ്റമോ മന്ത്രിസഭാ പുന:സംഘടനയോ ഉണ്ടാകും. 2023 ആഗസ്ത് മുതൽ 2024 ജനുവരി വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരമാകും. 2024 ഫെബ്രുവരി മുതൽ 2024 മെയ് വരെയുള്ള കാലയളവിൽ സി പി ഐ എമ്മിൽ ആഭ്യന്തര പ്രശ്നം രൂക്ഷമാകും.ഇത് പിളർപ്പിലേക്ക് വരെ എത്തിക്കും. ഈ സമയത്ത് വലിയൊരു അഴിമതി ആരോപണവും വിവാദവും സർക്കാരിനെതിരെ പൊട്ടിപ്പുറപ്പെടും. ഇതേ കാലയളവിൽ ഒരു മുതിർന്ന മന്ത്രിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും മരിക്കുകയും ചെയ്യാം. 2024 സെപ്തംബർ മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ സർക്കാരിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ഭരണത്തിൻ്റെ അവസാനഘട്ടത്തിൽ ഗവൺമെൻ്റിൻ്റെ പ്രതിഛായ ഇല്ലാതാകും.’ – ഇത്രയുമാണ് സുന്ദർബാലകൃഷ്ണൻ്റെ പ്രവചനം.