രാമനാട്ടുകര അപകടത്തിൽ അറസ്റ്റിലായവർ സ്വർണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയ ക്വട്ടേഷൻ സംഘമെന്ന് പോലീസ്.

സ്വർണ കടത്ത് സംഘങ്ങളെ കണ്ടെത്താൻ ലക്ഷ്യമിട്ടാണ് പോലീസിൻ്റെ അന്വേഷണം. രക്ഷപ്പെട്ട രണ്ട് പേർക്ക് ആയി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

മലപ്പുറം : രാമനാട്ടുകര അപകടത്തിൽ അറസ്റ്റിലായവർ സ്വർണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയ ക്വട്ടേഷൻ സംഘമെന്ന് പോലീസ്. അപകടത്തെ തുടർന്ന് അറസ്റ്റിലായ 8 ക്വട്ടേഷൻ സംഘാഗങ്ങളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരുമായി ബന്ധപ്പെട്ട സ്വർണ കടത്ത് സംഘങ്ങളെ കണ്ടെത്താൻ ലക്ഷ്യമിട്ടാണ് പോലീസിൻ്റെ അന്വേഷണം. രക്ഷപ്പെട്ട രണ്ട് പേർക്ക് ആയി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്വർണക്കടത്തുകാരെക്കുറിച്ചും സ്വർണം കൊള്ളയടിക്കാനെത്തിയവരെക്കുറിച്ചും കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം സമഗ്ര അന്വേഷണം നടത്തും.

 

മൂന്നു വാഹനങ്ങളിലായി സ്വർണക്കടത്തുകാർക്ക് അകമ്പടി പോവാനെത്തിയ സംഘത്തിലെ എട്ട് പേരാണ് അറസ്റ്റിലായത്. ചെർപ്പുളശ്ശേരി സ്വദേശികളായ മുബഷിർ ,സുഹൈൽ , ഹസൻ ,ഫൈസൽ ,ഫയാസ് , സലീം , ഷാനിദ്, മുസ്തഫ എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. കൊടുവളളി കേന്ദ്രമായ സ്വർണ്ണക്കടത്തു സംഘത്തിൻ്റെ ക്വട്ടേഷൻ സ്വീകരിച്ചാണ് 15 അംഗ സംഘമെത്തിയത്. ഇവരിൽ 5 പേർ അപകടത്തിൽ മരിച്ചു. 2 പേർ രക്ഷപ്പെട്ടു. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

 

കണ്ണൂരിൽ നിന്നുള്ള മറ്റൊരു സംഘം ആണ് സ്വർണ്ണം തട്ടിയെടുക്കാൻ എത്തിയത്. കള്ളക്കടത്ത് സ്വർണം കൊടുവള്ളി ടീമിൻ്റെ കയ്യിൽ എത്തിക്കുക എന്ന ദൗത്യം ആയിരുന്നു ചെർപ്പുളശ്ശേരി സംഘത്തിന്. ഇതിൽ കുറേക്കൂടി വ്യക്തത വരാൻ ഉണ്ടെന്നും ഈ സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്നും പോലീസ് പറയുന്നു.

 

സ്വർണ്ണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയവരും കടത്തുകാരിൽ നിന്ന് സ്വർണം കൊള്ളയടിക്കാനെത്തിയവരും കരിപ്പൂർ വിമാനത്താവളത്തിന് സമീപമുള്ള ന്യൂമാൻ ജംക്ഷനിൽ ഏറ്റുമുട്ടിയതിൻ്റെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് ന്യൂമാൻ ജംഗ്ഷനിൽ നിന്ന് കണ്ണൂരിലെ സംഘത്തിലെ ഒരു വാഹനം കോഴിക്കോട് ഭാഗത്തേക്ക്‌ പോയി. സ്വര്‍ണം ആ വാഹനത്തിലാണെന്ന ധാരണയില്‍ കവർച്ചാ സംഘത്തിലെ അഞ്ചു പേർ ബൊലേറോ കാറിൽ ഇവരെ പിന്തുടർന്നു. യഥാർത്ഥത്തിൽ കള്ളക്കടത്ത് സ്വർണം കസ്റ്റംസ് പിടിച്ചെന്ന് മനസിലായതോടെ ചെർപ്പുളശേരിക്കാർ കരിപ്പൂരിലേക്ക് തിരിച്ചു. അതിവേഗത്തിൽ മടങ്ങുകയായിരുന്ന കാർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. അഞ്ചു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.

 

 

 

ഐപിസി 399 പ്രകാരം കൊളള നടത്താനാണ് ശ്രമിച്ചത് എന്ന രീതിയിലാണ് കേസെടുത്തിരിക്കുന്നത്. കസ്റ്റംസിന്റെ പിടിയിലായ മുഹമ്മദ് ഷെഫീക്കില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. TDY എന്ന പേരില്‍ വാട്ട്സ് അപ് ഗ്രൂപ് രൂപീകരിച്ചായിരുന്നു സംഘത്തിന്‍റെ ‍പ്രവര്ത്തനം.പരാതിക്കാരില്ലെങ്കിൽ പോലും തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് കേസെടുത്തത്.

 

 

പിടിയിലായവരുടെ മൊബൈൽ പരിശോധിച്ചതിൽ നിരവധി വോയ്സ് ക്ലിപ്പുകളും സന്ദേശങ്ങളും വീഡിയോകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കവർച്ച നടത്താൻ സംഘം ലക്ഷ്യമിട്ടിരുന്നു എന്നത് ഇതിലൂടെ വ്യക്തമായിട്ടുണ്ട് എന്ന് മലപ്പുറം എസ് പി സുജിത് ദാസ് എസ് പറഞ്ഞു. രണ്ടര കിലോ സ്വർണവുമായി തിങ്കളാഴ്ച കസ്റ്റംസ് അറസ്റ്റു ചെയ്ത മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനേയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.