ഓണ്‍ലൈന്‍ വിദ്യാഭ്യാസമൊരുക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃക: മന്ത്രി വി. അബ്ദുറഹ്‌മാന്‍

തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണവും ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ഉദ്ഘടനവും മന്ത്രി വി അബ്‌ദുറഹ്‌മാൻ നിർവഹിച്ചു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസമൊരുക്കുന്നതില്‍ തിരൂര്‍: കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും സ്ഥാപനങ്ങളിലെ ജീവനക്കാരും ഓണ്‍ലൈന്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മൊബൈല്‍ ഫോണുകളുടെ വിതരണവും ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  

കാലഘട്ടത്തിനാവശ്യമായ പദ്ധതികളാണ് തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാത്ത ഈ കാലഘട്ടത്തില്‍ കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിനായി അധികവും ആശ്രയിക്കുന്നത് മൊബൈല്‍ ഫോണുകളെയാണ്. പല കുടുംബങ്ങളും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരാണ്. എങ്കിലും സൗകര്യമില്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയുടെയും പഠനം മുടങ്ങരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലുകളാണ് പൊതു സമൂഹത്തില്‍ നിന്നുണ്ടായിട്ടുള്ളത്. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളും സ്ഥാപനത്തിന് കീഴിലുള്ള ജീവനക്കാരും ചേര്‍ന്ന് നല്‍കുന്ന ഈ ഫോണ്‍ ചലഞ്ച് ഇതിനൊരു ഉത്തമ ഉദാഹരണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിനാരു മുറം പച്ചക്കറി പദ്ധതിയിലൂടെ നമുക്ക് ആവശ്യമായ ഭക്ഷ്യ വിഭവങ്ങള്‍ നമ്മുടെ വീടുകളില്‍ തന്നെ ഉദ്പാദിക്കാനാണ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥക്ക് ഇനിയെങ്കിലും മാറ്റം വരേണ്ടതുണ്ടെന്നും ഇതിനായി തരിശ് ഭൂമികളിലുള്‍പ്പടെ കൃഷി വ്യാപിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തൃപ്രങ്ങോട്, പുറത്തൂര്‍ പഞ്ചായത്തുകളിലെ കൃഷി വകുപ്പിന്റെ കീഴിലുള്ള കാര്‍ഷിക കര്‍മസേന ഉദ്പാദിപ്പിച്ച 1,29,500 തൈകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. കൂടാതെ 33,000 പച്ചക്കറി വിത്ത് പാക്കറ്റുകളും ബ്ലോക്കിന് കീഴിലെ ഏഴ് കൃഷിഭവനുകള്‍ വഴി എത്തിക്കുന്നുണ്ട്.

ബ്ലോക്ക് പഞ്ചായത്തംഗങ്ങളും സ്ഥാപന ജീവനക്കാരും നടത്തിയ മൊബൈല്‍ ചലഞ്ചിലൂടെയാണ് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി 32 മൊബൈല്‍ ഫോണുകള്‍ സമാഹരിച്ച് നല്‍കിയത്. ചടങ്ങില്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍ തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രമേഷ്‌കുമാറിന് ഫോണുകള്‍ കൈമാറി. തുടര്‍ന്ന് അര്‍ഹരായ വിദ്യാര്‍ത്ഥികളിലേക്ക് ഫോണുകള്‍ എത്തിക്കാനാണ് പദ്ധതി.

 

ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി. ഇസ്മായില്‍, പി. കുമാരന്‍, വി. തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി മുഹമ്മദ്കോയ, ആനിഗോഡ്ലിഫ്, ബി.സി.പി ഇന്‍ ചാര്‍ജ് എം. റഹ്‌മ, അഡ്വ. പി. ഹംസക്കുട്ടി, വെട്ടം ആലിക്കോയ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. ഹരിദാസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ എസ്. ബീന എന്നിവര്‍ പങ്കെടുത്തു.