മദ്യവില്‍പന ശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക കൗണ്ടര്‍

തിരുവനന്തപുരം: മദ്യവില്‍പന സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള ക്യൂ പലപ്പോഴും പ്രശ്‌നമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കൂട്ടി തുക അടച്ച് പെട്ടെന്ന് കൊടുക്കാന്‍ പാകത്തില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും ചെയ്യും.

മാസ്‌ക് മാറ്റുന്ന അവസരങ്ങളില്‍ (ആഹാരവും പാനീയങ്ങളും കഴിക്കുമ്പോള്‍) ശരീര ദൂരം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാക്‌സിന്‍ എടുത്തവര്‍ ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍ ഒഴിവാക്കാനും മറ്റുള്ളവരിലേക്ക് രോഗം പരത്താതിരിക്കാനും മാസ്‌ക് ധരിക്കണം. വാക്‌സിന്‍ എടുത്തവര്‍ രോഗവാഹകരാവാന്‍ സാധ്യതയുണ്ട്. അടഞ്ഞ മുറികള്‍, പ്രത്യേകിച്ച് എസി മുറികള്‍ ഉപയോഗിക്കരുത്, മുറികളുടെ ജനാലകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം. ചെറുതും വലുതുമായ കൂടിചേരലുകളും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഘൂകരിച്ച ലോക്ക് ഡൗണ്‍ വിജയിപ്പിക്കുന്നതോടൊപ്പം അര്‍ഹമായ മുറയ്ക്ക് വാക്‌സിന്‍ സ്വീകരിക്കാനും സൂക്ഷ്മതലത്തില്‍ കൊവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കാനും എല്ലാവരും ശ്രദ്ധിച്ചാല്‍ നമുക്ക് മഹാമാരിയെ നിയന്ത്രണവിധേയമാക്കി മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി.