ലിങ്ക് പ്രിവ്യൂവില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്

പുതിയ സ്വകാര്യതാനയവുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ അടങ്ങിയ സാഹചര്യത്തില്‍ പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുമായി വാട്‌സാപ്പ്. വ്യൂ വണ്‍സ് മോഡ്, മള്‍ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട് എന്നിവ അതില്‍ ചിലതാണ്. പുതിയ ഫീച്ചറുകള്‍ പലതും വാട്‌സാപ്പിന്റെ ബീറ്റ പതിപ്പില്‍ പരീക്ഷിക്കുന്നുണ്ട്. അതോടൊപ്പം മറ്റ് ചില മാറ്റങ്ങളും കൊണ്ടുവരാന്‍ വാട്‌സാപ്പ് ശ്രമിക്കുന്നു.

വാട്‌സാപ്പ് ചാറ്റുകളില്‍ പങ്കുവെക്കപ്പെടുന്ന ലിങ്കുകളുടെ പ്രിവ്യൂ വലിയതായി കാണിക്കുന്ന മാറ്റമാണ് അതിലൊന്ന്. നിലവില്‍ ലിങ്കുകള്‍ പങ്കുവെക്കുമ്പോള്‍ അതിലെ ടോപ്പ് ഇമേജ് ചെറുതായാണ് ചാറ്റുകളില്‍ കാണിക്കാറുള്ളത്. എന്നാല്‍, പുതിയ അപ്‌ഡേറ്റ് അവതരിപ്പിക്കുന്നതോടെ ലിങ്കുകളുടെ ചിത്രങ്ങള്‍ വലിയതായി ചാറ്റുകളില്‍ കാണാനാവും.

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ ഈ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നാണ് വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉയര്‍ന്ന റസലൂഷനിലുള്ള ചിത്രങ്ങള്‍ അടങ്ങുന്ന ലിങ്കുകളുടെ പ്രിവ്യൂ വലുതായും. റസലൂഷന്‍ കുറവുള്ള ചിത്രങ്ങള്‍ അടങ്ങുന്ന ലിങ്കുകള്‍ പഴയപടി ചെറുതായും തന്നെയാണ് കാണിക്കുക.

വാട്‌സാപ്പില്‍ ഇത്തരത്തിലുള്ള ദൃശ്യപരമായ മാറ്റങ്ങള്‍ നേരത്തെയും അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ചിലത് പിന്‍വലിക്കാറുമുണ്ട്. അടുത്തിടെ നോട്ടിഫിക്കേഷന്‍ ആക്ഷന്‍ ഫോണ്ട് നിറ ഗ്രേബ്ലൂ കോമ്പിനേഷനാക്കിയത് പിന്നീട് പിന്‍വലിച്ചിരുന്നു.