Fincat

തിരൂരിനെ സംസ്ഥാനത്തെ മികച്ച നഗരസഭയാക്കി മാറ്റാന്‍ സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍

ഒരു വര്‍ഷം നീളുന്ന തിരൂര്‍ നഗരസഭ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

തിരൂരിനെ സംസ്ഥാനത്തെ മികച്ച നഗരസഭയാക്കി മാറ്റുന്നതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. തിരൂര്‍ നഗരസഭയുടെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരസഭയുടെ മുന്‍ ചെയര്‍മാനും തിരൂര്‍ സ്വദേശിയുമായ മന്ത്രി വി. അബ്ദുറഹ്‌മാന്‍, തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ക്ക് നഗരസഭ കൗണ്‍സില്‍ നല്‍കുന്ന പൗര സ്വീകരണവും ഇതോടനുബന്ധിച്ച് നടന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അന്‍പതാം വാര്‍ഷികാഘോഷ പരിപാടികള്‍ കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷമാകും നടത്തുക.  

1 st paragraph

നഗരസഭകള്‍ക്ക് വന്‍തോതില്‍ വളരാവുന്ന സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്തുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി അതത് സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നഗരസഭകള്‍ക്ക് കഴിയണം. ഒരു പ്രദേശത്തെ പദ്ധതിയുടെ പ്രസക്തി സര്‍ക്കാരുകളെ ബോധ്യപ്പെടുത്തുന്നതോടൊപ്പം ആവശ്യമായ സഹകരണം ഉറപ്പാക്കേണ്ടതും നഗരസഭകളുടെ കടമയാണന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

2nd paragraph

സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുക മാത്രമല്ല പരിപാലനം കൂടി സാധ്യമാക്കുക എന്നതുള്‍പ്പുടെ ലക്ഷ്യങ്ങളുമായാണ് സ്പോര്‍ട്സ് കേരള ലിമിറ്റഡ് എന്ന പേരില്‍ കമ്പനി ആരംഭിക്കുന്നത്. തിരൂരിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് കിഫ്ബി വഴി 10 കോടിയോളം തുക അനുവദിച്ചിരുന്നെങ്കിലും കരാറിലെ ചില അവ്യക്തതകള്‍ കാരണം ആ ഫണ്ട് നഗരസഭയ്ക്ക് വിനിയോഗിക്കാനായില്ല. എന്നാല്‍ നഗരസഭ ആവശ്യപ്പെടുന്ന മുറക്ക് ആ തുക അനുവദിക്കുന്നതില്‍ തടസമില്ലെന്നും മന്ത്രി അറിയിച്ചു. പൊന്മുണ്ടം ബൈപ്പാസ് ഉള്‍പ്പടെ പദ്ധതികള്‍ പുരോഗതിയുടെ പാതയിലാണെന്നും മന്ത്രി പറഞ്ഞു.

ഏറെ വികസന കാഴ്ചപ്പാടുള്ളവരാണ് നമ്മുടെ പൊതു സമൂഹമെന്ന് ചടങ്ങില്‍ സംസാരിച്ച എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ പറഞ്ഞു. തിരൂരിലെ വാഗണ്‍ ട്രാജഡി ഉള്‍പ്പടെ ചരിത്ര സ്മാരകങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ചരിത്ര മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കായി പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ റിയാസ് അനുകൂല നിലപാട് അറിയിച്ചതായും അദ്ദേഹം അറിയിച്ചു.

തിരൂര്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ നസീമ ആളത്തില്‍ പറമ്പില്‍ അധ്യക്ഷയായി. തിരൂര്‍ സബ്കലക്ടര്‍ സൂരജ് ഷാജി, വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങാട്ട്, നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ ടി. ബിജിത, അഡ്വ. എസ്. ഗിരീഷ്, കെ.കെ അബ്ദുസലാം, സി. സുബൈദ, തഹസിലദാര്‍ പി. ഉണ്ണി, ഡി.വൈ.എസ്.പി കെ.എ സുരേഷ്ബാബു, നഗരസഭ സെക്രട്ടറി ടി.വി ശിവദാസന്‍, പി.പി അബ്ദുറഹിമാന്‍ (തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ്), വി.കെ നിസാം (തിരൂര്‍ വ്യാപാരി വ്യവസായി സമിതി) കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.