പരമാവധി ഇളവുകള്‍ നല്‍കുന്നുണ്ട്, വ്യാപാരികൾ മറ്റൊരു രീതിയിലേക്ക് പോയാൽ നേരിടേണ്ട രീതിയില്‍ നേരിടുമെന്ന് മുഖ്യമന്ത്രി
എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കില്ല.
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഇളവിന് കാത്തുനില്‍ക്കില്ലെന്നും വ്യാഴാഴ്ച ഉള്‍പ്പെടെ കടകള്‍ തുറക്കുമെന്നുമുള്ള വ്യാപാരികളുടെ നിലപാടിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കടകള്‍ തുറക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും അവരുടെ ഒപ്പം നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ അവർ മറ്റൊരു രീതിയിലേക്ക് പോകരുതെന്നും അങ്ങനെയൊരു നിലയുണ്ടായാല്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. സാഹചര്യത്തിനനുസരിച്ച് പരമാവധി ഇളവുകള്‍ നല്‍കുന്നുണ്ട്. നിയന്ത്രണങ്ങള്‍ മനുഷ്യ ജീവന്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എ, ബി, സി വിഭാഗങ്ങളിലുള്ള, നിലവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള കടകള്‍ക്ക് എട്ട് മണി വരെ പ്രവര്‍ത്തനാനുമതി നല്‍കും. ഇലക്ട്രോണിക്സ് കടകള്‍ കൂടുതല്‍ ദിവസങ്ങളില്‍ തുറക്കാന്‍ അനുവദിക്കും. ഓണ്‍ലൈന്‍ പഠനം നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകുന്നതിനാണ് ഇത്തരമൊരു നടപടി.
സംസ്ഥാനത്ത് തിങ്കള്‍ മുതല്‍ വെള്ളി വരെ ബാങ്കുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കാന്‍ കളക്ടര്‍മാര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കും. രണ്ടരലക്ഷം സാമ്പിള്‍ വരെ പരിശോധിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ടിപിആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും പൊതുജനം സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.