കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു
നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഇളവുകള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2), (5),34 എന്നിവ പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പുഃനക്രമീകരിച്ചും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയും ഉത്തരവിറക്കിയത്. കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി ശരാശരി ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങള്‍ അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തിലാണ് ഉള്‍പ്പെടുക. 10 മുതല്‍ 15 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ അതിവ്യാപന മേഖലയായ സി വിഭാഗത്തിലും അഞ്ച് മുതല്‍ 10 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ മിതവ്യാപന മേഖലയായ ബി വിഭാഗത്തിലും ഉള്‍പ്പെടും. അഞ്ച് ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളെയാണ് വ്യാപനം കുറഞ്ഞ മേഖലയായ എ വിഭാഗമായി കണക്കാക്കുക.
ജൂലൈ എട്ട് മുതല്‍ 14 വരെയുള്ള ശരാശരി ടി.പി.ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലിപ്പോള്‍ എ വിഭാഗത്തില്‍ ഒരു തദ്ദേശഭരണ പ്രദേശവും മിതവ്യാപന മേഖലയായ ബി വിഭാഗത്തില്‍ 24 തദ്ദേശഭരണ പ്രദേശങ്ങളും അതിവ്യാപന മേഖലയായ സി വിഭാഗത്തില്‍ 48 പ്രദേശങ്ങളും അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തില്‍ 33 പ്രദേശങ്ങളുമാണുള്ളത്. വ്യാഴാഴ്ച (ജൂലൈ 15) മുതല്‍ ഒരാഴ്ചയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ടാവുക. കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഇളവുകള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
നാല് വിഭാഗങ്ങളിലായുള്ള നിയന്ത്രണങ്ങള്‍/ഇളവുകള്‍ ചുവടെ,
എ, ബി, സി, ഡി വിഭാഗങ്ങളില്‍ ഇതുവരെ ബാധകമായ ഇളവുകളും നിയന്ത്രണങ്ങളും തുടരും.
*ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് ദിവസവും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ബാങ്കുകള്‍ക്കും മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്റ്റ് – 1881 പ്രകാരം ജൂലൈ 17ന് അവധിയായിരിക്കും.
എ, ബി, സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇതിനകം അനുവദനീയമായ ദിവസങ്ങളില്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടായിരിക്കുന്നതാണ്.
എ, ബി, സി വിഭാഗങ്ങളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണ്‍ ജില്ലാ കലക്ടര്‍ പ്രഖ്യാപിക്കും. ടി.പി.ആര്‍, കോവിഡ് ബാധിതരായിരിക്കുന്നവരുടെ എണ്ണം എന്നിവയുടെ അടിസ്ഥനമാക്കിയാണ് മൈക്രോകണ്ടയ്ന്‍മെന്റ് സോണ്‍ ഏര്‍പെടുത്തുക.
ജൂലൈ 17, 18 തിയ്യതികളില്‍ (ശനി, ഞായര്‍) ജൂണ്‍ ഏഴിലെ GO(Rt) No.459/2021/DMD, ജൂണ്‍ 10ലെ GO(Rt) No. 461/2021/DMD പ്രകാരവും ജൂണ്‍ 12, 13 തിയ്യതികളിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ അനുസരിച്ചുള്ള പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതാണ്.