തിരൂർ : തിരൂരിൽ തെരുവുനായ്‌ക്കൾക്ക് നായവസന്ത (കനൈൻ ഡിസ്റ്റമർ) കണ്ടെത്തി. ഇതിന്റെ വ്യാപനംതടയാൻ വാക്സിൻ ലഭിക്കുന്നുമില്ല. കഴിഞ്ഞദിവസം ഈ രോഗംവന്ന് തിരൂർ പൂങ്ങോട്ടുകുളം – അമ്പലകുളങ്ങര റോഡരികിൽ അവശനായിക്കിടന്ന നായയ്ക്ക് എമർജൻസി ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
നായയെ റെസ്ക്യൂ ടീം അംഗങ്ങളായ ജലീൽ, നൗഷാദ്, ഹരിദാസൻ എന്നിവർ ഡോ. സൂര്യനാരായണനുമായി എത്തി പരിശോധിച്ചു. നായയ്ക്ക് വൈറസ് ബാധയാണ് പ്രശ്നമെന്ന് ഡോക്ടർ പറഞ്ഞു. കനൈൻ ഡിസ്റ്റമർ (നായ വസന്ത ) എന്ന രോഗമാണിതിന് കാരണമായത്.
വൈറസിനെ കൂടുതലായി തിരിച്ചറിയണമെങ്കിൽ സാമ്പിൾ മണ്ണുത്തി വെറ്ററിനറി കോളജിൽ എത്തിക്കണം.
നഗരത്തിൽ നൂറുകണക്കിന് തെരുവുനായ്‌ക്കളുമുണ്ട്. മറ്റ് നായ്‌ക്കൾക്കും രോഗം പകരാൻ സാധ്യതയുണ്ട്. അപകടകരമായ അസുഖമായതിനാൽ അത് പടർന്നാൽ മറ്റു തെരുവുനായകൾക്കും ഇവർവഴി വളർത്തുനായകൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കും.
നഗരസഭയിലാണെങ്കിൽ ഇപ്പോൾ തെരുവുനായ്‌ക്കളെ വന്ധ്യംകരണം നടത്താനോ, പ്രതിരോധ കുത്തിെവപ്പെടുക്കാനോ യാതൊരു നടപടിയും നടക്കുന്നില്ല. എന്നാൽ നായവസന്ത മനുഷ്യർക്ക് പകരില്ലെന്ന് ഡോ. സൂര്യനാരായണൻ പറഞ്ഞു. ഇതിനുള്ള വാക്സിൻ സ്വകാര്യവിപണിയിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ.