കേരളത്തിന് നൽകിയ പത്ത് ലക്ഷം വാക്‌സിനുകൾ എന്ത് ചെയ‌്തു കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിന് നൽകിയ പത്ത് ലക്ഷം വാക്‌സിനുകൾ എന്ത് ചെയ‌്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. സംസ്ഥാനത്തെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എംപിമാർ നിവേദനം നൽകാൻ ചെന്നപ്പോഴാണ് മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇക്കാര്യം അറിയിച്ചതെന്ന് ടി.എൻ. പ്രതാപനും ഹൈബി ഈഡനും പറഞ്ഞു.സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ കേന്ദ്രസർക്കാർ നൽകുന്നില്ലെന്നും ഇതു വലിയ പ്രതിസന്ധിയാണെന്നും എം.പി.മാർ പരാതിപ്പെട്ടപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ വാക്സിന്റെ കണക്കുകളും കാണിച്ചുകൊടുത്തു. ഈ പത്തുലക്ഷം ഡോസ് ഉപയോഗിച്ചതിനുശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് വാക്സിൻ നൽകാൻ തയ്യാറാണെന്ന് മന്ത്രി ഉറപ്പുനൽകിയതായും എം.പി.മാർ പറഞ്ഞു.ആരോഗ്യസംവിധാനങ്ങൾ ഏറെ മെച്ചപ്പെട്ടതായിട്ടും കേരളത്തിൽ രോഗവ്യാപനത്തിന് ശമനമില്ലാത്തതെന്തെന്ന് മന്ത്രി ചോദിച്ചു.രാജ്യത്ത് ആദ്യം കോവിഡ് റിപ്പോർട്ടുചെയ്ത സംസ്ഥാനമാണ് കേരളമെന്നും ഇപ്പോഴും കേസുകൾ അധികമാണെന്നും എം.പി.മാർ ചൂണ്ടിക്കാട്ടി. രോഗപ്രതിരോധത്തിന്റെ പേരിൽ അടച്ചിടുന്ന നടപടി എക്കാലത്തേക്കും പ്രായോഗികമല്ല. വാക്സിനേഷൻ കൃത്യമായി നടത്താനായാൽ സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടുമെന്നും മതിയായ വാക്സിൻ നൽകി സംസ്ഥാനത്തെ സഹായിക്കണമെന്നും മറുപടി നൽകിയതായി എം.പി.മാർ പറഞ്ഞു.