അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് മോഷണം; തെളിവെടുത്തു

പെരിന്തൽമണ്ണ: ആലിപ്പറമ്പിൽ അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് 19 പവൻ സ്വർണാഭരണങ്ങളും 18,000 രൂപയും കവർന്ന കേസിലെ പ്രതികളെ പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വീടിന്റെ പൂട്ട് തകർക്കാനുപയോഗിച്ച് ഉപേക്ഷിച്ച ആയുധം പട്ടാമ്പി മീൻ മാർക്കറ്റിന് സമീപത്തുള്ള കാട് നിറഞ്ഞ പ്രദേശത്തു നിന്നും പൊലീസ് കണ്ടെടുത്തു. റിമാൻഡിലായിരുന്ന പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് തെളിവെടുത്തത്. ജൂലൈ ഏഴിന് പകലാണ് പ്രതികൾ കവർച്ച നടത്തിയത്. ബൈക്കിൽ ഉൾപ്രദേശങ്ങളിലൂടെ കറങ്ങുകയും ആളില്ലാത്ത വീടുകളിൽ മോഷണം നടത്തുകയുമായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

വീടുകളിലെത്തി വാതിലിൽ മുട്ടുകയും കോളിംഗ് ബെൽ അടിക്കുകയും ചെയ്യും. മൂന്ന് തവണ ഇങ്ങനെ ചെയ്തിട്ടും വാതിൽ തുറന്നില്ലെങ്കിൽ ആളില്ലെന്നുറപ്പിച്ച് വാതിലിന്റെ പൂട്ടും മറ്റും തകർത്താണ് അകത്തുകടന്നിരുന്നത്. വിളിക്കുമ്പോൾ ആളുണ്ടെന്ന് കണ്ടാൽ ഏതെങ്കിലുമൊരു വ്യക്തിയുടെ പേര് ചോദിക്കും. അയാളെ അന്വേഷിച്ച് എത്തിയതാണെന്ന് പറയുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമാണ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതികളെ കാണാൻ വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ, സബ് ഇൻസ്‌പെക്ടർ സി.കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് സജീർ, ദിനേശ്, മിഥുൻ, രാജേഷ്, നിഖിൽ, പ്രഭുൽ, സുകുമാരൻ, ഫൈസൽ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.