പൊന്നാനി വാണിജ്യ തുറമുഖ നിർമാണം പുനരാരംഭിക്കണം ഐഎൻടിയുസി
പൊന്നാനി: ജില്ലയിലെ പുരാതന വാണിജ്യ തുറമുഖമായിരുന്ന പൊന്നാനിയെ വാണിജ്യ തുറമുഖമാക്കി മാറ്റണമെന്ന് പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി യോഗം ആവശ്യപ്പെട്ടു. എം പി ഗംഗാധരൻ ജനപ്രതിനിധി ആയിരുന്നപ്പോൾ നിരവധി തൊഴിൽ സാധ്യതയുള്ള വാണിജ്യ തുറമുഖ നിർമ്മാണ പ്രവർത്തികൾക്ക് അനുമതി ലഭിച്ചെങ്കിലും പിന്നീട് വാണിജ്യതുറമുഖ പദ്ധതി ഉപേക്ഷിക്കുകയാണ് ഉണ്ടായത്. നിർമ്മാണ പ്രവർത്തി തുടങ്ങുകയും പിന്നീട് തുറമുഖ പദ്ധതി ഉപേക്ഷിക്കുകയും ചെയ്ത നടപടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുനപരിശോധിക്കണമെന്നും ഐഎൻടിയുസി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് പി ടി നാസർ അധ്യക്ഷത വഹിച്ച യോഗം ഐ എൻ ടി യു സി സംസ്ഥാനവൈസ് പ്രസിഡണ്ട് സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. എ പവിത്രകുമാർ, എം അബ്ദുൾലത്തീഫ്, അലി കാസിം, ശിവദാസ് ചങ്ങരംകുളം എന്നിവർ പങ്കെടുത്തു സംസാരിച്ചു.