ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി നാൽപത്തിയേഴ് ലക്ഷം
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി നാൽപത്തിയേഴ് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം സജീവ കേസുകളാണ് ഉള്ളത്. 41.74 ലക്ഷം പേർ മരിച്ചു.
രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസിൽ മൂന്നര കോടിയിലേറെപ്പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.26 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.
മരണസംഖ്യയിൽ തൊട്ടുപിന്നിൽ ബ്രസീലാണ്. രാജ്യത്ത് 5.49 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേർക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 39,742 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിമൂന്ന് ലക്ഷം കടന്നു. നിലവിൽ 4.08 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 4.20 ലക്ഷം പേർ മരിച്ചു. 3.05 കോടി പേർ രോഗമുക്തി നേടി.