പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം; ലീഗ് നേതാക്കളെ യൂത്ത്‍ലീഗ് പ്രവർത്തകർ പൂട്ടിയിട്ടു

മലപ്പുറം: മലപ്പുറത്ത് ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവർത്തകർ പൂട്ടിയിട്ടു. മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കം. യൂത്ത് ലീഗ് നേതാവിനെ അവഗണിച്ചെന്നാണ് പ്രവർത്തകരുടെ പരാതി. മുമ്പത്തെ പഞ്ചായത്ത് പ്രസിഡൻ്റ് ഡി കോയ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മക്കരപ്പറമ്പ് പഞ്ചായത്തിൽ വീണ്ടും പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

പ്രാദേശിക നേതൃത്വം നിലവിലെ വൈസ് പ്രസിഡൻ്റ് സുഹറാബിയെ പ്രസിഡൻ്റാക്കാൻ തീരുമാനിക്കുകയായിരുന്നു ഇതിനെതിരെയാണ് യൂത്ത് ലീഗ് രംഗത്തെത്തിയത്. യൂത്ത് ലീഗിന്റെ പ്രതിനിധിയായ അനീസ് മഠത്തിലിനെ പഞ്ചായത്ത് പ്രസിഡൻ്റാക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം.

കഴിഞ്ഞ അഞ്ച് വർഷം മക്കരപ്പറമ്പ് സംവരണ മണ്ഡലമായതിനാൽ വനിതാ പ്രസിഡൻ്റായിരുന്നുവെന്നും ജനറൽ സീറ്റിൽ വീണ്ടും വനിതാ അംഗത്തെ പഞ്ചായത്ത് പ്രസിഡൻ്റാക്കേണ്ടെന്നുമാണ് യൂത്ത് ലീഗുകാരുടെ വാദം. എന്നാൽ ഈ ആവശ്യത്തിന് വഴങ്ങേണ്ടെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.

ഗുരുതര അച്ചടക്ക ലംഘനം നടത്തിയ യൂത്ത് ലീഗ് ഭാരവാഹികൾക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കുമെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു.