വിദേശനിർമ്മിത സിഗരറ്റ് പിടികൂടി
പെരിന്തൽമണ്ണ: നെഹ്രു സ്റ്റേഡിയം കോംപ്ലക്സിലെ സ്റ്റേഷനറിക്കടയിൽ നിന്നും അനധികൃതമായി സൂക്ഷിച്ച വിദേശനിർമ്മിത സിഗരറ്റ് പിടികൂടി. കടയുടമ കൊണ്ടോട്ടി പുളിക്കൽ അന്തിയൂർക്കുന്ന് പറമ്പിൽ ഉമ്മറിന്റെ(55) പേരിൽ കേസെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ്.ഐ. സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫോക്കസ് സ്റ്റേഷനറി എന്ന കടയിലെമേശയ്ക്ക് അടിയിൽ സൂക്ഷിച്ച സിഗരറ്റ് കണ്ടെടുത്തത്.
സൂപർ സ്ലിം എന്ന വിഭാഗത്തിൽപ്പെടുന്ന 22 വലിയ പാക്കറ്റുകളാണ് കണ്ടെത്തിയത്. സിഗരറ്റ് പാക്കറ്റിൽ പ്രദർശിപ്പിക്കേണ്ട മുന്നറിയിപ്പ് ചിത്രങ്ങൾ പതിക്കാത്തതും വിദ്യാലയപരിസരത്ത് ഇത്രയും സിഗരറ്റുകൾ അനധികൃതമായി സൂക്ഷിച്ചതിനുമാണ് കേസ്.