കോവിഡ് പ്രതിസന്ധിയില്‍ വ്യാപാരികള്‍ക്ക് 5650 കോടി; പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ വ്യാപാരികള്‍ക്ക് 5650 കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കെ.എഫ്.സി, കെ.എസ്.എഫ്.ഇ എന്നിവിടങ്ങിലെ വായ്പകളുടെ പിഴപ്പലിശ സെപ്തംബര്‍ 30 വരെ ഒഴിവാക്കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. രണ്ട് ലക്ഷം വരെയുള്ള വായ്പകളുടെ നാല് ശതമാനം പലിശ സര്‍ക്കാര്‍ വഹിക്കും.കെട്ടിട നികുതിയിലും സര്‍ക്കാര്‍ കെട്ടിടങ്ങളുടെ വാടകയിലും ഇളവ്. കെട്ടിടങ്ങള്‍ക്ക് നല്‍കിവന്നിരുന്ന ഫിക്‌സഡ് നിരക്കുകള്‍ സെപ്തംബര്‍ 30 വരെ ഒഴിവാക്കി.

കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വായ്പ സെപ്തംബര്‍ വരെ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.കോവിഡ് ലോക്ഡൗണിലെ തുടര്‍ന്ന് വ്യാപാര മേഖലയിലെ സ്തംഭനം വ്യാപാരികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ബലിപെരുന്നാള്‍ നാളുകളിപോലും നിയന്ത്രണം നിലനിന്നതോടെ കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കച്ചവടം മുടങ്ങുന്നതിനൊപ്പം വായ്പ കുടിശികയും കെട്ടിടങ്ങളുടെ വാടകയും നികുതിയും നല്‍കേണ്ടി വന്നതും വ്യാപാരികളെ വലച്ചിരുന്നു.