ഇതര സംസ്ഥാനക്കാരായ കുട്ടികൾക്ക് തിരൂരിൽ ക്രൂര മർദനം
തിരൂർ: തിരൂർ തിരുനാവായയിൽ ഇതര സംസ്ഥാനക്കാരായ കുട്ടികൾക്ക് ക്രൂര മർദനം. രണ്ടുവയസ്സുള്ള ആൺകുട്ടിക്കും മൂന്നര വയസ്സുള്ള പെൺകുട്ടിക്കുമാണ് കൂടെ താമസിക്കുന്നവരിൽനിന്ന് മർദനമേറ്റത്.
ജൂലൈ 21ന് ചൈൽഡ് ലൈൻ വഴിയാണ് സംഭവം അധികൃതർ അറിയുന്നത്. രണ്ട് വയസ്സുള്ള ആൺകുട്ടി കൈയ്യിന്റേയും കാലിന്റേയും എല്ലുകൾ പൊട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നര വയസ്സുകാരിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. കുട്ടികളുടെ കൂടെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സ്ത്രീയും പുരുഷനും ഇവരുടെ മാതാപിതാക്കളില്ലെന്നാണ് പ്രാഥമിക വിവരം.
ആൺകുട്ടിയെ ആദ്യം തിരൂർ ജില്ല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പെൺകുട്ടിയെ ജില്ലയിലെ സുരക്ഷകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. അവിടെ നടത്തിയ കൗൺസലിങ്ങിലാണ് കൂടെ താമസിക്കുന്നവർ ഉപദ്രവിച്ചെന്ന വിവരം പുറത്തറിഞ്ഞത്. സംഭവം സംബന്ധിച്ച് 21ന് തന്നെ ശിശുക്ഷേമ സമിതി പൊലീസിൽ അറിയിച്ചിരുന്നു. 27ന് പൊലീസ് നൽകിയ റിപ്പോർട്ടിൽ കുട്ടി കളിച്ചുകൊണ്ടിരിക്കെ ക്ലോസറ്റിൽ വീണ് പരിക്ക് പറ്റി എന്നാണ് പറയുന്നത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ പുനരന്വേഷണം ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതി മേഖല ഡി.ഐ.ജിക്ക് പരാതി നൽകി.