വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിനു തീ വെച്ച പ്രതി അറസ്റ്റിൽ
ചാവക്കാട്: ആലുംപടിയില്‍ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു തീ വെക്കുകയും മറ്റൊരു വീടിന്റെ ജനല്‍പടിയില്‍ ഇരുന്ന മതപരമായ പുസ്തകങ്ങള്‍ കത്തിച്ചു നശിപ്പിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ആലുംപടി പൂക്കോട്ടില്‍ വീട്ടില്‍ വിപിൻ എന്ന കണ്ണന്‍ (38)നെയാണ് ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ജി. സുരേഷ്, ചാവക്കാട് എസ്.എച്ച്.ഒ. കെ.എസ്.സെല്‍വരാജ്, എസ്.ഐ.മാരായ ഉമേഷ്, എ.എം.യാസിര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
വെളളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് മച്ചിങ്ങല്‍ രാജേഷിന്റെ വീട്ടുമുറ്റത്തുനിര്‍ത്തിയിട്ട സ്‌കൂട്ടറിന് പ്രതി തീവെച്ചത്. രാജേഷിന്റെ ഭാര്യ ഹിമയുടെ സ്‌കൂട്ടറാണ് കത്തിച്ചത്. രാജേഷിന്റെ വീടിനടുത്തുള്ള പുതുവീട്ടില്‍ ഷഹീമിന്റെ വീടിന്റെ പിന്‍വശത്തെ ജനല്‍പടിയില്‍ ഇരുന്നിരുന്ന മതപരമായ പുസ്തകങ്ങള്‍ പ്രതി ജനലിലൂടെ കൈയ്യിട്ടു തീ വെച്ച് നശിപ്പിക്കുകയും ചെയ്തു. വീടിന്റെ പിന്‍വശത്തു തീ ആളി കാത്തുന്നത് ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒരാള്‍ കിണറിനു സമീപത്തു കൂടി പോവുന്നത് കണ്ടതായി വീട്ടുകാര്‍ പോലീസിനെ അറിയിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഈ സമയത്ത് വിപിന്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായി തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാള്‍ മുമ്പും പല ക്രിമിനല്‍ കേസുകളിലും പ്രതി ആയിട്ടുള്ള ആളാണെന്നു പോലീസ് പറഞ്ഞു.
കത്തി നശിച്ച സ്‌കൂട്ടറിനു ഒരു ലക്ഷത്തോളം രൂപ വില വരും.എ.എസ്.ഐ.മാരായ സജിത്ത്, ബിന്ദുരാജ്, വനിതാ എസ്. സി.പി.ഒ. ഷൗജത്ത്, സി.പി.ഒ. മാരായ ശരത്ത്, നസല്‍, ശബരികൃഷ്ണന്‍, ജയകൃഷ്ണന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.