ജില്ലയിൽ 50, 100 രൂപയുടെ മൂന്ന് ലക്ഷം മുദ്രപത്രങ്ങളെത്തി
മലപ്പുറം: ജില്ലയിൽ 50, 100 രൂപയുടെ മൂന്ന് ലക്ഷം മുദ്രപത്രങ്ങൾ എത്തിയതോടെ കടുത്ത ക്ഷാമത്തിന് പരിഹാരമാവും. 50 രൂപയുടെ ഒരുലക്ഷം മുദ്രപത്രങ്ങളും 100 രൂപയുടെ രണ്ട് ലക്ഷം മുദ്രപത്രങ്ങളും തിരുവനന്തപുരം സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്ന് ജില്ലയിൽ എത്തിച്ചിട്ടുണ്ട്. രണ്ടു മാസത്തോളമായി ജില്ലയിൽ മുദ്രപത്രത്തിന്റെ ക്ഷാമം രൂക്ഷമായിരുന്നു.
സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ ഒരുകോടിയിലധികം മുദ്രപത്രങ്ങളുടെ സ്റ്റോക്കുണ്ട്. ജൂൺ 18ന് നാസിക്കിൽ നിന്ന് സെൻട്രൽ ഡിപ്പോയിലേക്ക് മുദ്രപത്രങ്ങൾ എത്തിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യവും ജീവനക്കാരുടെ കുറവും മൂലം തരംതിരിക്കുന്ന പ്രവൃത്തിയുടെ വേഗം കുറഞ്ഞതാണ് പല ജില്ലകളിലും മുദ്രപത്ര ക്ഷാമത്തിന് വഴിവച്ചത്.50, 100 രൂപ മുദ്രപത്രങ്ങളുടെ ക്ഷാമം പരിഹരിച്ചപ്പോൾ 500 രൂപയുടെ മുദ്രപത്രത്തിന്റെ ലഭ്യത ജില്ലയിൽ കുറഞ്ഞിട്ടുണ്ട്. ചെറിയ വിലയുടെ മുദ്രപത്രങ്ങളുടെ ക്ഷാമം മൂലം കൂടിയ വിലയുടെ മുദ്രപത്രങ്ങൾ വാങ്ങേണ്ട അവസ്ഥയിലായിരുന്നു ജനങ്ങൾ. 100 രൂപയുടെ കൂടുതൽ മുദ്രപത്രങ്ങൾ എത്തിയതോടെ 500 രൂപയുടെ മുദ്രപത്രങ്ങളുടെ ക്ഷാമം ഫലത്തിൽ ബാധിക്കില്ല. 100 രൂപയുടെ അഞ്ച് മുദ്രപത്രങ്ങൾ വാങ്ങി ഈ പ്രതിസന്ധി മറികടക്കാനാവും. 200 രൂപയുടെ മുദ്രപത്രം വേണ്ട ലൈഫ് മിഷൻ പദ്ധതി കരാറിനും 100 രൂപയുടെ മുദ്രപത്രത്തിന്റെ ലഭ്യത തുണയാകും. നേരത്തെ ആറ് മാസത്തിൽ ഒരിക്കലായിരുന്നു മുദ്രപത്രങ്ങൾ എത്തിച്ചിരുന്നത്.
സെൻട്രൽ ഡിപ്പോയിൽ ആവശ്യത്തിന് മുദ്രപത്രങ്ങൾ ലഭ്യമാണെന്നതിനാൽ രണ്ട് മാസം കൂടുമ്പോൾ മുദ്രപത്രങ്ങൾ എത്തിക്കാനാവും.ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് 50, 100, 200 രൂപ മുദ്രപത്രങ്ങൾക്കാണ്. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മിക്ക ആവശ്യങ്ങൾക്കും ഇതു വേണം. ജനന, മരണ സർട്ടിഫിക്കറ്റുകൾ, സ്‌കൂൾ സർട്ടിഫിക്കറ്റ്, അഫിഡവിറ്റുകൾ, ബാങ്ക് വായ്പ, വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, കാർഷിക വിള ആനുകൂല്യങ്ങൾ, ക്ഷീര കർഷകർക്കുള്ള ധനസഹായ പദ്ധതികൾ എന്നിവയ്ക്ക് ഈ മുദ്രപത്രങ്ങൾ ആവശ്യമുണ്ട്.
ജനന- മരണ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, ആധാരപകർപ്പ് തുടങ്ങിയവയ്ക്ക് അമ്പത് രൂപയുടെ മുദ്രപത്രവും രജിസ്റ്റർ ചെയ്യാത്ത വാടകക്കരാർ, സത്യവാംഗ്മൂലം തുടങ്ങിയവയ്ക്ക് 100 രൂപയുടെ മുദ്രപത്രവും വാടക കരാർ, സമ്മതപത്രം എന്നിവയ്ക്ക് 200 രൂപയുടെ മുദ്രപത്രവുമാണ് ഉപയോഗിക്കുന്നത്.