കോവിഡ് നിയന്ത്രണങ്ങൾ മാന്യമായ രീതിയിൽ നടപ്പാക്കണം; ഡി.ജി.പി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ മാന്യമായ രീതിയിൽ നടപ്പാക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിയുടെ മുന്നറിയിപ്പ്. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നതെന്നറിയാം, എങ്കിലും ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കരുതെന്ന് ഡി.ജി.പി അനിൽ കാന്ത് വ്യക്തമാക്കി. കോവിഡ്, ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കെതിരായ പരാതികളുടെ പശ്ചാത്തലത്തിലാണ് പൊലീസ് മേധാവിയുടെ നിർദേശം.

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സംസ്ഥാനത്ത് പൊലീസ് അതിക്രമം നടക്കുന്നതായി വിവിധയിടങ്ങളില്‍ നിന്ന് നിരവധി പരാതികളാണ് ഉയര്‍ന്നത്. കൊല്ലം പാരിപ്പളളിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ മത്സ്യത്തൊഴിലാളിയായ വയോധികയുടെ പക്കലുണ്ടായിരുന്ന മീന്‍ കുട്ട വലിച്ചെറിഞ്ഞെന്ന ആരോപണം വന്‍ തോതില്‍ ചര്‍ച്ചയായിരുന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള പൊലീസ് അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് നല്‍കാനാണ് കമ്മീഷന്‍, ഡി.ജി.പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊതുജനങ്ങളെ പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മാധ്യമ വാര്‍ത്തകള്‍ സഹിതം മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കെയിലാണ് കമ്മീഷനെ സമീപിച്ചത്. പൊലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് കമ്മീഷന്‍റെ തീരുമാനം.