നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നടന്ന പ്രതിഷേധത്തിൽ സിപിഎം അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ആരംഭിച്ചു.
പൊന്നാനി: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തെ കുറിച്ച് അന്വേഷിക്കുന്ന സി.പി.എം കമ്മിഷന് തെളിവെടുപ്പിനായി പൊന്നാനിയിലെത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ, ജില്ല സെക്രട്ടേറിയറ്റ് അംഗം വി. പി. അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊന്നാനിയിലെത്തിയത്. ഏരിയ കമ്മിറ്റി ഓഫീസില്‍ കാലത്ത് ഒമ്ബതുമുതല്‍ ആരംഭിച്ച ചര്‍ച്ചകള്‍ രാത്രി വരെ നീണ്ടു.തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച സി.പി.എം പൊന്നാനി മണ്ഡലം കമ്മിറ്റി അംഗങ്ങളില്‍ നിന്നാണ് ആദ്യം വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.
പൊന്നാനി ഏരിയയും എടപ്പാള്‍ ഏരിയ കമ്മിറ്റിയുടെ ഭാഗമായ ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് പൊന്നാനി മണ്ഡലം. പൊന്നാനി എരിയ കമ്മിറ്റിക്ക് പുറമെ ആലങ്കോട്, നന്നംമുക്ക് മേഖലകളില്‍ നിന്നുള്ളവര്‍ കൂടി ഉള്‍കൊള്ളുന്നതാണ് മണ്ഡലം കമ്മിറ്റി. കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളെയും വിളിച്ചു വരുത്തി പ്രത്യേകമായാണ് വിവരങ്ങള്‍ തേടിയത്.
പൊന്നാനിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ സ്വഭാവത്തെ കുറിച്ചാണ് പ്രധാനമായും അന്വേഷിച്ചത്. പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആരൊക്കെയെന്നും ഏതെങ്കിലും തരത്തിലുള്ള ആസൂത്രണം ഇതിനു പിന്നില്‍ ഉണ്ടായതായി അറിയാമൊ എന്നും മണ്ഡലം കമ്മിറ്റി അംഗങ്ങളോട് ആരാഞ്ഞു.
ഉച്ചയ്ക്കു ശേഷം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. ഈഴുവത്തിരുത്തി, പൊന്നാനി, പൊന്നാനി നഗരം, മാറഞ്ചേരി, വെളിയങ്കോട്, പെരുമ്ബടപ്പ്, നന്നംമുക്ക്, ആലങ്കോട് മേഖലകളില്‍ നിന്നുള്ള ലോക്കല്‍ സെക്രട്ടറിമാരെയാണ് തെളിവെടുപ്പിനായി വിളിച്ചത്. ഓരോരുത്തര്‍ക്കും പ്രത്യേക സമയം നല്‍കിയാണ് വിളിപ്പിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി പരസ്യമായി രംഗത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ കമ്മിറ്റികളെ കുറിച്ച് കമ്മിഷന് അംഗങ്ങള്‍ നേരത്തെ വിവരങ്ങള്‍ തേടിയിരുന്നു. ഡി.വൈ.എഫ്.ഐ ജില്ല ഭാരവാഹികളെ സി.പി.എം ജില്ല ഓഫീസിലേക്ക് വിളിച്ചു വരുത്തിവിവരങ്ങള് അന്വേഷിച്ചു. പ്രധാനമായും മൂന്ന് മേഖല കമ്മിറ്റികള്‍ക്കെതിരെയാണ് വിവരങ്ങള്‍ ആരാഞ്ഞത്.
പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയുണ്ടായെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം അന്വേഷണം ആരംഭിച്ചത്. ടി.എം. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് അന്വേഷിക്കുന്നത്.
പി. നന്ദനകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിച്ചതോടെയാണ് പൊന്നാനിയെ ആകെ ഇളക്കി മറിച്ചുകൊണ്ട് സി.പി.എമ്മിനുളളില്‍ നിന്ന് ടി.എം. സിദ്ദിഖിനു വേണ്ടി പ്രതിഷേധപ്രകടനം നടന്നത്. നൂറു കണക്കിനു പേര് ജില്ല സെക്രട്ടേറിയറ്റ് അംഗമായ ടി.എം. സിദ്ദീഖിന്റെ പേരെടുത്തു പറഞ്ഞ് പ്രകടനത്തില്‍ പങ്കാളികളായി. പി. ശ്രീരാമകൃഷ്ണനാണ് സിദ്ദീഖിനെതിരെ നിലപാട് എടുത്തതെന്ന പ്രചാരണത്തിനു പിന്നിലും പാര്‍ട്ടിക്കുളളില്‍ തന്നെയുളളവരാണന്ന വിലയിരുത്തലിലാണ് അന്വഷണം.
സ്ഥാനാര്‍ത്ഥിയായി പി. നന്ദകുമാര്‍ ഉറപ്പായ ശേഷവും സിദ്ദിഖിനു വേണ്ടി പല സ്ഥലത്തും ഉയര്‍ത്തിയ ഫ്ളക്സ്ബോര്‍ഡുകള്‍ എടുത്തു മാറ്റാന്‍ തയാറാവാത്തത് ബോധപൂര്വമാണന്നാണ് ആക്ഷേപം. ടി.എം. സിദ്ദീഖിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു ബസ് നിറയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊന്നാനിയില്‍ നിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ടെങ്കിലും വഴിയില്‍ വച്ച് സിദ്ദിഖ് തന്നെ മടക്കി അയക്കുകയായിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ 12 സി.പി.എം ഭാരവാഹികള്‍ രാജി സമര്‍പ്പിച്ചതും പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. പൊന്നാനിയിലെ സ്വാധീനമുളള നേതാക്കള്‍ തന്നെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിതോടെ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ നേതൃത്വം നിസഹായതയിലായന്നും വിലയിരുത്തുന്നു. സി.പി.എമ്മിനുളളിലെ പ്രശ്നങ്ങള്‍ക്കിടയിലും പൊന്നാനിയില്‍ 17043 വോട്ടിന് പി. നന്ദകുമാറിന് ജയിക്കാനായത് സി.പി.എമ്മിന് നേട്ടമായി.