ഹൈദരലി തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല, സമീർ ഹാജരാകും.
മലപ്പുറം: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ ഇടയില്ല. ചികിത്സയിലുള്ള അദ്ദേഹം അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ചന്ദ്രിക ഫിനാൻസ് മാനേജർ സമീർ കൊച്ചിയിൽ ഇഡി ഓഫീസിൽ ഹാജരായേക്കും. ബുധനാഴ്ചയാണ് ഇഡി ഉദ്യോഗസ്ഥർ കോഴിക്കോട് എത്തി ഹൈദരലി തങ്ങൾക്ക് നോട്ടീസ് നൽകിയത്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
മുസ്ലിംലീഗില്‍ കടുത്ത പ്രതിസന്ധി
കെടി ജലീല്‍ നിയമസഭയിലടക്കം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായി, ലീഗ് സംസ്ഥാന അധ്യക്ഷന്‍റെ മകന്‍റെ വാക്കുകള്‍. മുയിന്‍ അലിയുടെ ആരോപണത്തിന് പിന്നാലെ നിയമസഭാ സമ്മേളനത്തിന് അവധി നല്‍കി കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് തിരിച്ചെത്തി.
മുസ്ലിം ലീഗ് നേതൃത്വം സമീപകാലത്ത് നേരിട്ടതില്‍ ഏറ്റവും ഗുരുതരമായ ആരോപണമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍റെ മകന്‍ തന്നെ ഇന്ന് തൊടുത്തുവിട്ടത്. അതും പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്തുവച്ച്. ചന്ദ്രിക വിഷയം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലേക്ക് മുയിന്‍ അലി യാദൃശ്ചികമായാണ് കടന്നുവന്നതെന്നും പറഞ്ഞതൊന്നും പാര്‍ട്ടി നിലപാടല്ലെന്നും നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി അയയുന്നില്ല. പരസ്യ പ്രസ്താവന പാടില്ലെന്നതില്‍ കണിശതയുളള ലീഗ് നേതൃത്വം ഹൈദരലി തങ്ങളുടെ മകനെതിരെ എന്ത് നടപടിയെടുക്കുമെന്നതാണ് ചോദ്യം. അഴിമതി തുറന്നുപറഞ്ഞപേരില്‍ നടപടിയെടുത്താല്‍ രാഷ്ട്രീയ എതിരാളികള്‍ അത് ആയുധമാക്കുകയും ചെയ്യും. ചുരുക്കത്തില്‍ ചന്ദ്രിക വിഷയത്തിലും എആര്‍ ബാങ്ക് ക്രമക്കേടിലും കടുത്ത പ്രതിസന്ധിയിലായിരുന്ന ലീഗിനെ കൂടുതല്‍ കുരുക്കിലാക്കുന്നതായി മുയിന്‍ അലിയുടെ വാക്കുകള്‍.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനാനായി കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന ലീഗ് നേതൃയോഗത്തില്‍ ലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ അടക്കമുളളവര്‍ ചന്ദ്രിക വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നായിരുന്നു വിമര്‍ശനം. ചന്ദ്രികയ്ക്കെന്ന പേരില്‍ അഞ്ചേക്കര്‍ ഭൂമി വാങ്ങിയതില്‍ രണ്ടര ഏക്കര്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍റെ പേരിലാണെന്നും വിമര്‍ശനമുയര്‍ന്നു. ഈ ആരോപണങ്ങള്‍ക്കെല്ലാം മുയിന്‍ അലി ശക്തി പകരുക കൂടി ചെയ്തതോടെ ലീഗില്‍ ചേരിപ്പോര് രൂക്ഷമാകുമെന്ന് വ്യക്തം.