മുഈൻ അലി തങ്ങൾക്കെതിരെ നടപടിയുണ്ടാവും, ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടത് കുഞ്ഞാലിക്കുട്ടി.
മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മുഈൻ അലി തങ്ങളെ നീക്കിയേക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈൻ അലി തങ്ങൾ ഇന്നലെ ലീഗ് വാർത്താസമ്മേളനത്തിലെത്തി ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്. പാർട്ടി അനുമതിയില്ലാതെ വാർത്താസമ്മേളനം നടത്തിയതിനാകും അച്ചടക്ക നടപടി. അന്തിമതീരുമാനം തങ്ങളുമായി സംസാരിച്ച ശേഷം ലീഗ് നേതൃത്വം സ്വീകരിക്കുമെന്നാണ് സൂചന. ഇതിനായി നാളെ പാണക്കാട്ട് ലീഗ് നേതൃയോഗം നടക്കുന്നുണ്ട്.
മുഈനലി ഇന്നലെ ലീഗ് ഹൗസിൽ പറഞ്ഞ കാര്യങ്ങൾ പാർട്ടിക്ക് വലിയെ തിരിച്ചടിയായെന്നാണ് ലീഗിന്‍റെ വിലയിരുത്തൽ. പി കെ കുഞ്ഞാലിക്കുട്ടി നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാതെ മടങ്ങിയത് അടിയന്തിര നടപടികളുദ്ദേശിച്ചാണെങ്കിലും ഇ ടി മുഹമ്മദ് ബഷീറിനെത്താനായില്ല. ഈ സാഹചര്യത്തിലാണ് യോഗം നാളേക്ക് മാറ്റിയത്. ചികിത്സയിൽ കഴിയുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് നടപടി ബോധ്യപ്പെടുത്തും. ഇക്കാര്യത്തിൽ പാണക്കാട് സാദിഖലി തങ്ങളുടെ അടക്കം പിന്തുണ കുഞ്ഞാലിക്കുട്ടിക്കുണ്ടെന്നാണ് സൂചന. അതേസമയം പാർട്ടിയിൽ വിമർശനമുയർത്തിയ കെ എം ഷാജി അടക്കമുള്ള നേതാക്കൾ മുഈനലിയുടെ പരസ്യ വിമർശനത്തോടെ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ്.
കുഞ്ഞാലിക്കുട്ടി വിമർശകരായ നേതാക്കളും നിലപാടെടുക്കാൻ തയ്യാറല്ല. അതേസമയം, ചന്ദ്രിക അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകാൻ ഇടയില്ല. ചികിത്സയിലുള്ള അദ്ദേഹം അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ചന്ദ്രിക ഫിനാൻസ് മാനേജർ സമീർ കൊച്ചിയിൽ ഇ ഡി ഓഫീസിൽ ഹാജരായേക്കും.