സാമൂഹ്യ നവോത്ഥാനത്തിന്റെ വീണ്ടെടുപ്പ് ബി ഡി ജെ എസിന്റെ ലക്ഷ്യം

മലപ്പുറം : ശ്രീനാരായണ ഗുരുദേവന്‍ നേടിത്തന്ന കേരളത്തിലെ സാമൂഹിക നവോത്ഥാനം ആറുപതിറ്റാണ്ടുകളിലേറെ മാറി മാറി ഭരിച്ച ഭരണാധികാരികളുടെ വികലമായ നയങ്ങള്‍ കാരണം നഷ്ടപ്പെട്ടത് വീണ്ടെടുക്കുകയാണ് ബി ഡി ജെ എസിന്റെ ലക്ഷ്യമെന്ന് ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി രാജന്‍ മഞ്ചേരി പ്രസ്താവിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള അവഗണനക്ക് എതിരെയും ദേവസ്വം ബോര്‍ഡുകളിലെ ശാന്തി നിയമന വ്യവസ്ഥിതിക്കെതിരെയും സംസ്ഥാന വ്യാപകമായി നടത്തിയ ഉപവാസ സമരത്തിനോട് അനുബന്ധിച്ച് മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി ഡി ജെ എസ് മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ സമരം ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി രാജന്‍ മഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ പ്രബുദ്ധതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ ജാതിയുടെ പേരിലുള്ള ഉച്ഛനിചത്വങ്ങള്‍ ഇല്ലാതാക്കിയതണ് നവോത്ഥാത്തിന്റെ അടിത്തറ. എന്നാല്‍ ജനാധിപത്യ രീതിയിലുള്ള ഭരണ സംവിധാനങ്ങള്‍ കയ്യാളിയ ഇടതു വലത് മുന്നണികള്‍ നവോത്ഥാന നായകരുടെ നേട്ടത്തെ അപ്രസക്തമാക്കുന്ന നയങ്ങളാണ് തുടര്‍ന്നുവന്നതെന്നും അതുകൊണ്ട് പ്രശസ്തമായ ശബരിമല ക്ഷേത്രത്തിലെ പൂജാരിമാരുടെ നിയമനത്തില്‍ ഒന്നാമത്തെ യോഗ്യതയായി മലയാളി ബ്രാഹ്മണന്‍ ആയിരിക്കണമെന്ന നിബന്ധന കേരളത്തില്‍ അവതരിപ്പിക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. എസ് എന്‍ ഡി പി യോഗം പോലുള്ള നവോത്ഥാന പ്രസ്ഥാനങ്ങള്‍ നൂറ്റാണ്ടുകള്‍നീണ്ട സമര പരമ്പരകളിലൂടെ നേടിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ അടിയാള വര്‍ഗ്ഗത്തിന്റെ ഗുണത്തിനായി എത്തിക്കുവാന്‍ ബാധ്യതപ്പെട്ട ഭരണാധികാരികള്‍ ന്യൂനപക്ഷ സവര്‍ണ്ണ വിഭാഗത്തിന്റെ ഇംഗിതത്തിനൊത്ത് തുള്ളുന്ന ലജ്ജാകരമായ കാഴ്ചയാണ് കേരളത്തില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി, അപ്പു പുതുക്കുടി, ശിവദാസന്‍ കുറ്റിയില്‍, വാസു കോതറായില്‍, ജില്ലാ ജോ. സെക്രട്ടറി ജതീന്ദ്രന്‍ മണ്ണില്‍തൊടി, മണ്ഡലം പ്രസിഡന്റുമാരായ പ്രജിത്ത്, പി ആര്‍ ചന്ദ്രന്‍, കൃഷ്ണന്‍ ഒതുക്കുങ്ങല്‍, ബി ഡി വൈ എസ് ജില്ലാ ചെയര്‍മാന്‍ ശ്രീജീവ് പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു.