കരിപ്പൂര്‍ വിമാന അപകടത്തിന് ഒരുവര്‍ഷം; അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോഴും ഇരുട്ടിൽ.
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനപകടത്തിനു ഒരുവര്‍ഷം തികയുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് പുറം ലോകം കണ്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് രാത്രി 7.40 ഓടെയാണ് ദുബായില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ലാന്‍ഡിംഗ് പിഴച്ച് റണ്‍വേയുടെ കിഴക്ക് ഭാഗത്തെ 35 അടി താഴ്ചയിലേക്കു കൂപ്പു കുത്തിയത്.
സംഭവ ദിവസം രണ്ടു പൈലറ്റുമാരടക്കം 19 പേരാണ് മരിച്ചത്. പിന്നീട് ചികിത്സയിലുള്ള രണ്ടു യാത്രക്കാര്‍ കൂടി മരിച്ചു. 92 പേര്‍ക്കു ഗുരുതര പരിക്കും 73 പേര്‍ക്കു നിസാര പരിക്കുമേറ്റിരുന്നു. 50 ലേറെ പേര് ഇപ്പോഴും ചികിത്സയില്‍ തന്നെയാണ്. 184 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അപകടം നടന്നു ഒരാഴ്ചക്കുള്ളില്‍ തന്നെ ക്യാപ്റ്റന്‍ എസ്.എസ്.ചാഹാന്റെ നേതൃത്വത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി)യിലെ അഞ്ചംഗ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് നിയമിച്ചിരുന്നു. അഞ്ചു മാസം കൊണ്ടു അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ തുടരന്വേഷണം വഴിമുട്ടിയതോടെ കഴിഞ്ഞ മാര്‍ച്ച് 13 വരെ നീട്ടി നല്കി.
എന്നാല്‍ ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല.സംഭവ ദിവസം വിമാനം റണ്‍വേയുടെ നിശ്ചത രേഖയില്‍ നിന്നു 1300 അടിയോളം മുന്നോട്ടു നീങ്ങിയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന് കണ്ടെത്തിയത്. റണ്‍വേ 28-ല്‍ ലാന്‍ഡ് ചെയ്യുന്നതിനു പകരം റണ്‍വേ-10 ആണ് വൈമാനികന് തെരഞ്ഞെടുത്തത്.ചാറ്റല്‍ മഴയില്‍ നിശ്ചിത റണ്‍വേ നേര്‍രേഖയില്‍ നിന്നു 1200 മീറ്റര്‍ മുന്നോട്ട് ഓവര്‍ഷൂട്ട് ചെയ്താണ് വിമാനം ലാന്‍ഡ് ചെയ്തതെന്നാണ് പ്രാഥമിക നിമഗമനം. റണ്‍വേയുടെ അറ്റങ്ങളില്‍ സ്ഥാപിച്ച ഐഎല്‍എസ് ആന്റിനകള്‍ തകര്‍ത്താണ് 35 അടി താഴ്ചയിലേക്കു വിമാനം തലകുത്തിവീണ്ത്.
അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും അര്‍ഹതപ്പെട്ട ഇന്‍ഷ്വറന്‍സ് തുകയും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ വീതവും പ്രഖ്യാപിച്ചിരുന്നു.80 പേര്‍ക്ക് ഏഴു കോടിക്കു മുകളില്‍ നല്‍കിയതായും രണ്ടു ലക്ഷം രൂപ വീതം ഇന്‍ഷ്വറന്‍സ് തുക ലഭിക്കുമ്പോള്‍ തിരിച്ചടയ്ക്കാം എന്ന വ്യവസ്ഥയില്‍ ഇടക്കാല ആശ്വാസമായി എയര്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ 30 പേര് ഹൈക്കോടതിയിലും ഇരുപതിലധികം പേര് അമേരിക്കന്‍ കോടതിയിലും 27 പേര് ദുബായിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.