സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ലത്; മുന്നറിയിപ്പുമായി കെ.ടി ജലീല്‍

വാളാഞ്ചേരി: മുസ്‍ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാന്‍ ശ്രമിച്ചുവെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച മുഈനലി ശിഹാബ് തങ്ങൾക്കെതിരെ യോഗത്തിൽ നടപടി എടുപ്പിക്കാം എന്നാണ് ഭാവമെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ജലീല്‍ പറഞ്ഞു.

ഇഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്ത് വിടേണ്ടി വരുമെന്നും അതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ മുന്നറിയിപ്പ് നല്‍കി. പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താം എന്നാണ് വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. മുഈന്‍ അലി പറഞ്ഞത് വസ്തുതയാണ്. വസ്തുത പറഞ്ഞാല്‍ നടപടിയെടുക്കേണ്ട കാര്യമെന്താണ്. സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ലതെന്നും ജലീല്‍ മുന്നറിയിപ്പ് നല്‍കി.

ചന്ദ്രികയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ സയ്യിദ് മുഈനലി തങ്ങൾ വലിഞ്ഞുകയറി ചെന്നതല്ലെന്ന് ജലീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുഈനലി തങ്ങള്‍ക്കെതിരെ തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഗുണ്ടക്കെതിരെ ലീഗ് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ജലീല്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ലീഗ് നേതൃയോഗം ഇന്ന് വൈകിട്ട് മലപ്പുറത്ത് ചേരുന്നുണ്ട്. മുഈനലി തങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഈനലിയെ അനുകൂലിച്ചും പ്രവർത്തകർ രംഗത്ത് എത്തുന്നത് ലീഗ് നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും.