ഫസ്റ്റ്‌ബെല്ലിൽ തിങ്കൾ മുതൽ പുതിയ സമയക്രമം; ആഗസ്റ്റ് 19 മുതൽ 23 വരെ ക്ലാസില്ല
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ച പൂർണമാകും. ശനിയാഴ്ച (ആഗസ്റ്റ് 14) 1 മുതൽ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രത്യേകമായി സംപ്രേഷണം ചെയ്യും. നിശ്ചിത എണ്ണം മലയാളം മീഡിയം ക്ലാസുകളുടെ തുടർച്ചയായാണ് ആ ഭാഗങ്ങൾ ഉൾപ്പെടുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്.
ഞായറാഴ്ച ഭാഷാ വിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് എന്ന തരത്തിൽ സംപ്രേഷണം ചെയ്യും.തിങ്കളാഴ്ച്ച (ആഗസ്റ്റ് 16) ആരംഭിക്കുന്ന 6 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഒരു പിരിയഡ് അധികം ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ 8 മുതൽ 10 വരെ പത്താം ക്ലാസും (നാല് ക്ലാസുകൾ) 10 മണിക്ക് ഒന്നാം ക്ലാസും 10.30-ന് പ്രീ-പ്രൈമറി ക്ലാസുകളും ആയിരിക്കും. 11 മണി മുതൽ ഒരു മണി വരെ യഥാക്രമം രണ്ടു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ (ഓരോ ക്ലാസ് വീതം) സംപ്രേഷണം ചെയ്യും. ആറ്, ഏഴ്, എട്ട്, ഒൻപത് ക്ലാസുകൾ ഉച്ചയ്ക്ക് 1, 2, 3, 4 മണിക്ക് യഥാക്രമം സംപ്രേഷണം ചെയ്യും. ഭാഷാ വിഷയങ്ങളുടെ സംപ്രേഷണം 5.30ന് ശേഷമായിരിക്കും.
ആഗസ്റ്റ് 19 മുതൽ 23 വരെ ഫസ്റ്റ്‌ബെൽ 2.0 ക്ലാസുകൾക്ക് അവധിയായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് മുമ്പ് കുട്ടികൾക്ക് സംശയനിവാരണത്തിനുള്ള ലൈവ് ഫോൺ-ഇൻ പരിപാടികൾ സംപ്രേഷണം ചെയ്യും. പിന്നീട് പ്ലസ് വൺ പൊതു പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്ലസ് ടു ക്ലാസുകൾ പുനഃരാരംഭിക്കുക. ക്ലാസുകളും പ്ലസ് വൺ ഓഡിയോ ബുക്കുകളും സമയക്രമവും http://firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമായിരിക്കും.