ദളിതന്‍ മുഖ്യമന്ത്രിയായാലും പിന്നോക്കക്കാരന് നീതി കിട്ടാത്ത അവസ്ഥ- ബി ഡി ജെ എസ്

മലപ്പുറം : പാര്‍ട്ടി മാറിയല്ല ജാതി മാറി ഭരിച്ചാല്‍ മാത്രമേ പിന്നോക്കക്കാരന് സാമൂഹ്യനീതി ലഭിക്കൂകയുള്ളുവെന്ന് ഉദ്‌ഘോഷിച്ച പ്രമുഖ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും എസ് എന്‍ ഡി പി നേതാവുമായിരുന്ന സഹോദരന്‍ അയ്യപ്പന്റെ നാട്ടില്‍ ദളിതന് നീതി കിട്ടുകയില്ലാ എന്നാണ് ശബരിമല മേല്‍ശാന്തി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാറിന്റെയും നിലപാട് വ്യക്തമാക്കുന്നതെന്ന് ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി അഡ്വ. രാജന്‍ മഞ്ചേരി പറഞ്ഞു.

ബി ഡി ജെ എസ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ട്രേറ്റിന് മുന്‍വശത്ത് നടത്തിയ നില്‍പ്പുസമരം ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി അഡ്വ. രാജന്‍ മഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

ശബരിമല മേല്‍ശാന്തി നിയമനത്തിലെ ജാതി വിവേചനത്തിനെതിരെ ബി ഡി ജെ എസ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ട്രേറ്റിന് മുന്‍വശത്ത് നടത്തിയ നില്‍പ്പുസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് പതീറ്റാണ്ടുകള്‍ക്ക് മുമ്പ് അവര്‍ണന് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ച നാട്ടുരാജാക്കന്മാരുടെ സാമൂഹിക നീതിബോധം പോലും ഇല്ലാത്തവരാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലേക്ക് പ്രവേശിച്ച കാലത്ത് കേരളം ഭരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡിന്റെ ജാതി വിവേചന നടപടിയില്‍ നിന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മേല്‍ശാന്തിമാരായി മലയാളി ബ്രഹ്മണരെ മാത്രമേ നിയമിക്കുകയുള്ളൂവെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ജനാധിപത്യ പുരോഗമന ആശയങ്ങള്‍ പറഞ്ഞ് മേനി നടിക്കുന്ന ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡാണ്. ദളിതനെ ദേവസ്വം വകുപ്പ് മന്ത്രിയാക്കിയതിലൂടെ അവര്‍ണ്ണന് ക്ഷേത്രത്തിന്റെ അധികാരം കയ്യാളുവാനുള്ള അവസരമൊരുക്കിയെന്ന് പ്രചരിപ്പിക്കുന്നവര്‍ പിന്നോക്കക്കാരനെ ശ്രീകോവിലില്‍ പ്രവേശിപ്പിക്കണമെന്ന ബി ഡി ജെ എസിന്റെ ന്യായമായ ആവശ്യത്തിനോട് മുഖംതിരിക്കുകയാണ്. ഇതിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നോക്കക്കാരന്റെ കാണിക്ക കൊണ്ട് നിറയുന്ന ദേവസ്വം ബോര്‍ഡുകളിലെ ഭണ്ഡാരങ്ങളില്‍ നിന്നും ചെലവഴിക്കുന്ന തുക ഉന്നതകുലജാതരായ ചില സമുദായങ്ങള്‍ക്ക് മാത്രമാക്കി മാറ്റി വെക്കുന്നതിലെ നീതി നിഷേധത്തിനെതിരെ ബി ഡി ജെ എസ് തുടര്‍ച്ചയായി സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി, ശിവദാസന്‍ കുറ്റിയില്‍, വാസു കോതറായില്‍ , ജില്ലാ സെക്രട്ടറി രമേശ് കോട്ടായപ്പുറത്ത്, മണ്ഡലം പ്രസിഡന്റ് കൃഷ്ണന്‍ ഒതുക്കുങ്ങല്‍, ബി ഡി വൈ എസ് ജില്ലാ ചെയര്‍മാന്‍ ശ്രീജീവ് പെരിന്തല്‍മണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.