രാഹുല്‍ ഗാന്ധി രാഷ്ട്രീയ വിനോദസഞ്ചാരം നടത്തുന്നു; ജെ.പി നഡ്ഡ

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ. രാഹുല്‍ കേരളത്തില്‍ രാഷ്ട്രീയ വിനോദ സഞ്ചാരം നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വിവിധ രൂപങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിരവധി പ്രശ്‌നങ്ങളാണ് സംസ്ഥാനം നേരിടുന്നതെന്നും ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് വെര്‍ച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

നിലവില്‍ 1.08 ലക്ഷം കോവിഡ് രോഗികളാണ് കേരളത്തിലുള്ളതെന്ന് നഡ്ഡ പറഞ്ഞു. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ 50 ശതമാനവും കേരളത്തിലാണ്. കെടുകാര്യസ്ഥത വ്യക്തമാക്കുന്നതാണ് ഇത്. കേന്ദ്ര സര്‍ക്കാരിന് കേരളത്തെ സഹായിക്കണമെന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തെ നിലവിലെ സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുകയാണ്.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളത്തിന് 267.35 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു. ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കം നടത്താനായിരുന്നു ഇത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ശരിയായ രീതിയിലല്ല പ്രതികരിച്ചത്. സംസ്ഥാനത്ത് നടത്തുന്ന 70 ശതമാനം പരിശോധനകളും ആന്റിജന്‍ പരിശോധനകളാണ്. ആര്‍.ടി-പി.സി.ആര്‍ പരിശോധനകളാണ് നടത്തേണ്ടത്. കോവിഡ് കേസുകള്‍ ഇത്തരത്തില്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം ഇതാണെന്ന് നഡ്ഡ ആരോപിച്ചു.

സംസ്ഥാനത്തെ ക്രമസമാധാന നില മോശമാണെന്ന വിമര്‍ശവും നഡ്ഡ ഉന്നയിച്ചു. കേരളത്തില്‍ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യംവച്ചുള്ള അക്രമങ്ങളും ബലാത്സംഗങ്ങളും അരങ്ങേറുന്നു. പോലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വിവിധ രൂപങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സ്വര്‍ണക്കടത്ത്, ഐ.എസ് റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങള്‍ തുടങ്ങിയ രൂപങ്ങളിലാണ് കേരളത്തില്‍ തീവ്രവാദ ശക്തികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിരവധി പ്രശ്‌നങ്ങളാണ് കേരളം നേരിടുന്നതെന്നും നഡ്ഡ ആരോപിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ വിനോദ സഞ്ചാരം കേരളത്തിലും തുടരുകയാണെന്ന് നഡ്ഡ പരിഹസിച്ചു. അമേഠിയില്‍ പരാജയപ്പെട്ട അദ്ദേഹം വയനാട്ടിലേക്ക് ഓടി. സംസ്ഥാനം മാറിയെന്നുവച്ച് ആരുടെയും പെരുമാറ്റമോ, താത്പര്യങ്ങളോ, അര്‍പ്പണ ബോധമോ മാറില്ലെന്ന് അദ്ദേഹം വിമര്‍ശമുന്നയിച്ചു.

സൗത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഒന്‍പത് വയസുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുകയും പിന്നീട് അക്രമികള്‍ തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയും രാഹുലിനെതിരെ നഡ്ഡ വിമര്‍ശമുന്നയിച്ചു. സംഭവം രാഹുല്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ചു. പിന്നീട് കുട്ടിയെ തിരിച്ചറിയാന്‍ കഴിയും വിധം മാതാപിതാക്കളുടെ ഫോട്ടോയും അദ്ദേഹം പ്രചരിപ്പിച്ചു. നിയമം അദ്ദേഹത്തില്‍നിന്ന് വിശദീകരണം ആരാഞ്ഞപ്പോള്‍ അദ്ദേഹം എല്ലാവരോടും കള്ളം പറഞ്ഞു. രാഷ്ട്രീയക്കളിയാണ് നടന്നതെന്ന് വ്യക്തമാക്കുന്നതാണ് പെണ്‍കുട്ടിയുടെ അമ്മ നടത്തിയ വെളിപ്പെടുത്തലെന്നും നഡ്ഡ ചൂൂണ്ടിക്കാട്ടി.

ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്യാന്‍ രാഹുലിന് അനുമതി നല്‍കിയിട്ടില്ല എന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫോട്ടോ പോസ്റ്റു ചെയ്തതിന്റെ പേരില്‍ രാഹുലിന്റെ അക്കൗണ്ട് ട്വിറ്റര്‍ ഏതാനും ദിവസത്തേക്ക് ലോക്ക് ചെയ്യുകയുമുണ്ടായി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിനെതിരെ നഡ്ഡ രൂക്ഷ വിമര്‍ശമുന്നയിച്ചത്.