സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സയ്ക്ക് ഇനി പണം നൽകണം

തിരുവനന്തപുരം: സംസ്ഥാനത്ത് പൂർണമായും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ, കാസപ് ചികിത്സ കാർഡ് ഉള്ളവർക്കും, ബിപിഎൽ കാർഡുകാർക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാൻ ഉത്തരവ്.

എപിഎൽ വിഭാഗത്തിന് കിടക്കയ്ക്ക് ഒരു ദിവസം 750 രൂപ മുതൽ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി. ബ്ലാക്ക് ഫംഗസ് രോഗിയുടെ ചികിത്സയ്ക്കും ഈ നിരക്ക് ബാധകമാണ്.

കോവിഡാനന്തര രോഗവുമായി സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന എപിഎൽ കാർഡുകാർ ഇനി മുതൽ പണം അടയ്ക്കണം. ജനറൽ വാർഡിൽ 750 രൂപയും, എച്ച്ഡിയു 1250 രൂപയും, ഐസിയു 1500 രൂപയും, ഐസിയു വെന്റിലേറ്റർ 2000 രൂപയുമാണ് സർക്കാർ ആശുപത്രിയിലെ ചികിത്സ നിരക്ക്.

മ്യൂക്കർമൈക്കോസിസ്, അഥവാ ബ്ലാക്ക് ഫംഗസ് ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ തടിപ്പുകൾ തുടങ്ങി ചികിത്സയ്ക്കും നിരക്ക് ബാധകമാണ്. ശസ്ത്രക്രീയ്ക്ക് 4800 രൂപ മുതൽ 27500 രൂപവരെ വിവിധ വിഭാഗങ്ങളിൽ ഈടാക്കും. സ്വകാര്യ ആശുപത്രിയിലെയും കോവിഡാനന്തര ചികിത്സ നിരക്ക് ഏകീകരിച്ചു. 2645 രൂപ മുതൽ 2910 രൂപവരെയാണ് സ്വകാര്യ ആശുപത്രികളിൽ വാർഡുകളിൽ ഒരു ദിവസം ഈടാക്കാവുന്നത്.

ഐസിയു 7800 മുതൽ 8580 രൂപ വരെ ആശുപത്രികൾക്ക് ഒരു ദിവസം ഈടാക്കാം. വെന്റിലേറ്റർ 13,800 രൂപ മുതൽ 15,180 രൂപവരെയാണ് ഒരു ദിവസം ഈടാക്കാവുന്നത്. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം അനുസരിച്ചാണ് തുകയിലെ ഏറ്റക്കുറച്ചിലുകൾ. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.